കോൺഗ്രസിന് 300 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാം; ബാക്കി പ്രാദേശിക പാർട്ടികൾക്കു വിട്ടുനൽകണം-മമത
|ബാബരി തകർത്തതിനുശേഷം അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ താൻ തെരുവിലായിരുന്നുവെന്ന് മമതാ ബാനർജി
കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന 'ഇൻഡ്യ' സഖ്യത്തിലെ സീറ്റ് ചർച്ചയിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോൺഗ്രസിന് 300 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാം. പ്രാദേശിക പാർട്ടികൾക്ക് ശക്തിയുള്ള പ്രദേശങ്ങൾ അവർക്കു വിട്ടുനൽകണമെന്ന് മമത ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കിടെ കൊൽക്കത്തയിൽ നടത്തിയ സർവമത സാഹോദര്യ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ''ചില പ്രദേശങ്ങൾ പ്രാദേശിക പാർട്ടികൾക്ക് വിട്ടുനൽകണം. അവർക്ക്(കോൺഗ്രസിന്) 300 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാകും. ഞാനും അവരെ സഹായിക്കും. ആ സീറ്റുകളിൽ ഞങ്ങൾ മത്സരിക്കില്ല. പക്ഷെ, സ്വന്തം ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് അവർ''-മമത വിമർശിച്ചു.
ബി.ജെ.പിയെ നേർക്കുനേർ നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, സീറ്റ് വിഭജനത്തെക്കുറിച്ച് ഞങ്ങൾ പറയുന്നത് കേൾക്കാൻ ചിലർക്കു താൽപര്യമില്ല. ബി.ജെ.പിയോട് ഏറ്റുമുട്ടാൻ താൽപര്യമില്ലെങ്കിൽ അവർക്കു സീറ്റ് വെറുതെനൽകുന്നതെങ്കിലും നിർത്തൂവെന്നും അവർ ആവശ്യപ്പെട്ടു.
ഇടതു പാർട്ടികൾക്കെതിരെയും അവർ വിമർശനം തുടർന്നു. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ ഇൻഡ്യ എന്ന പേര് നിർദേശിച്ചത് ഞാനാണ്. എന്നാൽ, സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കുമ്പോഴെല്ലാം ഇടതുപക്ഷം നിയന്ത്രണം പിടിച്ചടക്കാൻ ശ്രമിക്കുന്നതു കാണാം. ഇത് അംഗീകരിക്കാനാകില്ല. 34 വർഷമായി ഞാൻ പോരാടുന്നവരുമായി ഒത്തുപോകാൻ എനിക്കാകില്ല. അത്തരം അപമാനങ്ങൾക്കിടെയും സഹിച്ചാണ് ഇൻഡ്യ യോഗങ്ങളിൽ സംബന്ധിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.
ബി.ജെ.പിയെ നേർക്കുനേർ നേരിടുന്ന എത്ര രാഷ്ട്രീയനേതാക്കളുണ്ട്? ചിലർ ഒരു ക്ഷേത്രത്തിൽ പോകുകയും അതുകൊണ്ട് എല്ലാമായി എന്നു വിചാരിക്കുകയും ചെയ്യുന്നു. എന്നാൽ, അതു മതിയാകില്ല. ക്ഷേത്രവും ഗുരുദ്വാരയും ചർച്ചും മസ്ജിദുമെല്ലാം സന്ദർശിച്ച ഏക നേതാവാണു ഞാൻ. ബാബരി തകർത്തതിനുശേഷം അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ താൻ തെരുവിലായിരുന്നുവെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.
Summary: 'Particular regions should be left to regional parties. Congress can fight on 300 seats alone': Bengal CM Mamata Banerjee on INDIA's Lok Sabha seat-sharing