India
മിഷൻ 2024? സോണിയയെയും പ്രതിപക്ഷ നേതാക്കളെയും കാണാൻ മമത
India

മിഷൻ 2024? സോണിയയെയും പ്രതിപക്ഷ നേതാക്കളെയും കാണാൻ മമത

Web Desk
|
15 July 2021 10:38 AM GMT

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 25ന് ഡൽഹിയിലെത്തും. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രതിപക്ഷ നീക്കത്തിന്റെ ഭാഗമായാണ് മമതയുടെ സന്ദർശനമെന്നാണ് വിവരം

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലെത്തുന്നു. 25നാണ് മമത ഡൽഹിയിലെത്തുന്നത്. നാല് ദിവസം അവര്‍ ഡൽഹിയിലുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയുള്ള മമതയുടെ ഡൽഹി സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിനു ശേഷം ഇതാദ്യമായാണ് മമത ഡൽഹിയിലെത്തുന്നത്. 2024 പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രതിപക്ഷ നീക്കത്തിന്റെ ഭാഗമായാണ് സന്ദർശനമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. സോണിയ ഗാന്ധിക്കു പുറമെ എൻസിപി തലവൻ ശരദ് പവാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്താൻ മമതയ്ക്ക് പദ്ധതിയുണ്ട്. സമയം അനുവദിച്ചാൽ മോദിയെ കാണുമെന്ന് മമത തന്നെയാണ് അറിയിച്ചിട്ടുള്ളത്.

ബംഗാളില്‍ മമതയുടെ തെരഞ്ഞെടുപ്പ് കാംപയിനിനു നേതൃത്വം നൽകിയ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാലു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കു പിറകെ പ്രശാന്ത് കോൺഗ്രസിൽ ചേരുന്നതായും വാർത്ത വന്നിട്ടുണ്ട്. എന്നാൽ, അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ടുള്ള തന്ത്രങ്ങളൊരുക്കാൻ പ്രശാന്ത് കോൺഗ്രസിനോട് സഹകരിക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ മാസം ശരദ് പവാറുമായി രണ്ടുതവണ പ്രശാന്ത് ചർച്ച നടത്തിയിരുന്നു. ഇതിനുപിറകെ പ്രതിപക്ഷ നേതാക്കളുടെ യോഗം പവാർ മുംബൈയിലെ വസതിയിൽ വിളിച്ചുചേർത്തിരുന്നു. ചർച്ചയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നില്ല. കോൺഗ്രസിനെക്കൂടാതെയുള്ള പ്രതിപക്ഷ മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് അന്ന് വിലയിരുത്തപ്പെട്ടത്. എന്നാൽ, കോൺഗ്രസിനെക്കൂടാതെ ബിജെപി വിരുദ്ധ മുന്നണി വിജയിക്കില്ലെന്ന് എൻസിപി നേതാക്കളും പ്രശാന്ത് കിഷോറും വ്യക്തമാക്കിയിരുന്നു.

Similar Posts