India
Propagating Anti-Bengal Agenda; Trinamool to boycott TV channels
India

ബലാത്സം​ഗക്കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കും; മമത ബാനർജി

Web Desk
|
28 Aug 2024 9:36 AM GMT

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടേയും ബലാത്സം​ഗങ്ങളുടേയും പേരിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മണിപ്പൂർ മുഖ്യമന്ത്രിമാർ രാജിവച്ചിരുന്നോ എന്നും മമത ചോദിച്ചു.

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ പ്രതിഷേധം തുടരവെ ഇത്തരം കേസുകളിൽ പ്രതികൾക്ക് ഏറ്റവും കർക്കശമായ ശിക്ഷ ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബലാത്സം​ഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. പാർട്ടിയുടെ വിദ്യാർഥി സംഘടനയായ തൃണമൂൽ ഛത്ര പരിഷ (ടി.എം.സി.പി)യുടെ സ്ഥാപകദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

ബലാത്സം​ഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമെന്നും മമത വ്യക്തമാക്കി. “ഞങ്ങൾ ബലാത്സംഗ വിരുദ്ധ നിയമങ്ങളുമായി ബന്ധപ്പെട്ട ബിൽ പാസാക്കും. കുറ്റകൃത്യം നടന്ന് ഏഴ് ദിവസത്തിനുള്ളിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതായിരിക്കും അത്. ബില്ലിൽ ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ​രാജ്ഭവന് മുന്നിൽ കുത്തിയിരിക്കും- മമത അറിയിച്ചു.

കൊൽക്കത്ത ബലാത്സംഗ കൊലക്കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ധർണയ്ക്ക് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി, ബലാത്സം​ഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും നിയമത്തിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് സെപ്തംബർ ഒന്നിന് പ്രതിഷേധിക്കാൻ എല്ലാ സ്ത്രീകളോടും അഭ്യർഥിക്കുന്നതായും പറഞ്ഞു.

സംഭവത്തിൽ ബം​ഗാളിൽ ബന്ദ് നടത്തുന്ന ബി.ജെ.പിക്കെതിരെയും മമത രം​ഗത്തെത്തി. ബി.ജെ.പിയുടെ ലക്ഷ്യം നീതിയല്ലെന്നും ബം​ഗാളിനെ അപകീർത്തിപ്പെടുത്തലാണെന്നും അവർ ചൂണ്ടിക്കാട്ടി. ബംഗാൾ ബന്ദ് നടത്തുന്ന ബി.ജെ.പി നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അവരുടെ പ്രവർത്തകർ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയാണെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി.

താൻ രാജിവയ്ക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനെതിരെയും മമത പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടേയും ബലാത്സം​ഗങ്ങളുടേയും പേരിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മണിപ്പൂർ മുഖ്യമന്ത്രിമാർ രാജിവച്ചിരുന്നോ എന്ന് മമത ചോദിച്ചു. കൊൽക്കത്ത ബലാത്സംഗ കൊലക്കേസിൽ സി.ബി.ഐയുടെ അന്വേഷണ പുരോഗതിയെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. 'ഞാൻ അഞ്ച് ദിവസത്തെ സമയം ചോദിച്ചു. പക്ഷേ കേസ് സി.ബി.ഐക്ക് വിട്ടു. അവർക്ക് നീതിയല്ല, അത് വൈകിപ്പിക്കുകയാണ് വേണ്ടത്. 16 ദിവസമായി. എവിടെ നീതി?'- മമത ചോദിച്ചു.

നേരത്തെ, ബലാത്സം​ഗക്കേസുകളിൽ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം വേണമെന്നാവശ്യപ്പെട്ട് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാജ്യത്ത് കർശന ബലാത്സം​ഗ വിരുദ്ധ നിയമം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. 'രാജ്യത്ത് ദിനേന 90 ബലാത്സംഗക്കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്'.

അതിനാൽ, ഇത്തരത്തിലുള്ള ക്രൂരകുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നവർക്ക് ശക്തവും മാതൃകാപരവുമായ ശിക്ഷ നൽകാൻ കർശനമായ നിയമനിർമാണം ആവശ്യമാണ്. ബലാത്സം​ഗ കേസുകളിൽ പെട്ടെന്നുള്ള നീതിക്കായി അതിവേഗ വിചാരണയ്ക്ക് പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികൾ രൂപീകരിക്കുന്ന കാര്യം പരിഗണിക്കേണ്ടതാണ്. കൂടാതെ വിചാരണ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നും മമത കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Similar Posts