India
Mamata Banerjee says Will Not Do Away With Taj Mahal

Mamata Banerjee

India

ഞാന്‍ ഒന്നും തകര്‍ക്കില്ല, താജ്മഹലും വിക്ടോറിയ മെമ്മോറിയലും ഇല്ലാതാക്കില്ല: മമത ബാനര്‍ജി

Web Desk
|
14 April 2023 6:27 AM GMT

'ഞാൻ എന്‍റെ അമ്മമാരോട് യാചിക്കും, പക്ഷെ ഭിക്ഷ യാചിക്കാൻ ഡൽഹിയിൽ പോകില്ല'

കൊല്‍ക്കത്ത: ക്ഷേമപദ്ധതികൾ തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സമീപകാലത്തെ സിലബസ് പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരെ മമത രൂക്ഷവിമര്‍ശനം നടത്തി. താന്‍ താജ്മഹലും വിക്ടോറിയ മെമ്മോറിയലും തകര്‍ക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

"നിങ്ങൾ എന്നോടൊപ്പം നിന്നാൽ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. ഞാൻ ഒന്നും തകർക്കില്ല. ആരുടെയും ജോലി കളയില്ല. താജ്മഹൽ ഇല്ലാതാക്കില്ല. വിക്ടോറിയ മെമ്മോറിയൽ ഇല്ലാതാക്കില്ല. ചരിത്രം ചരിത്രമാണ്. ചരിത്രം മാറ്റാൻ നമുക്കാർക്കും അധികാരമില്ല. അതുകൊണ്ടാണ് ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ സമ്പത്താകുന്നത്"- കൊൽക്കത്തയിലെ അലിപ്പൂരിൽ ഒരു ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

"ഇന്ത്യയുടെ മതേതരത്വമാണ് ബംഗാളിന്‍റെ സമ്പത്ത്. ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും ഇല്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാവില്ലായിരുന്നു. വിദ്യാസാഗർ മുതൽ രാജാറാം മോഹൻ റോയ് വരെയുള്ള നിരവധി പേർ. ഇന്ന് ഈ വ്യക്തിത്വങ്ങളെ നമ്മള്‍ ആദരിക്കുന്നു"- മമത ബാനർജി കൂട്ടിച്ചേർത്തു.

കേന്ദ്ര സര്‍ക്കാര്‍ ബംഗാളിനുള്ള ഫണ്ട് തടഞ്ഞുവെയ്ക്കുകയാണെന്നും മമത വിമര്‍ശിച്ചു- "ഫണ്ട് തടഞ്ഞു വെച്ചിരിക്കുകയാണ്. 2024 വരെ അവർ ഇത് നമുക്ക് തരില്ല എന്നാണ് ഞാന്‍ കേട്ടത്. ഞാൻ എന്‍റെ അമ്മമാരോട് യാചിക്കും, പക്ഷേ ഞാൻ ഭിക്ഷ യാചിക്കാൻ ഡൽഹിയിൽ പോകില്ല. നിങ്ങളുടെ അനുഗ്രഹത്തോടും സഹകരണത്തോടും കൂടി നമ്മള്‍ എങ്ങനെയെങ്കിലും കൈകാര്യം ചെയ്യും". പശ്ചിമ ബംഗാളിലേക്കുള്ള കേന്ദ്ര പദ്ധതികളെ സംബന്ധിച്ച് കേന്ദ്ര സർക്കാരും ബംഗാളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പോര് പരാമര്‍ശിച്ച് മമത ബാനര്‍ജി പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പേരില്‍ ബി.ജെ.പി പ്രതികാരം ചെയ്യുകയാണെന്നും മമത ആരോപിച്ചു.

Summary- "I will not break anything. We will not suddenly do away with the Taj Mahal"- Mamata Banerjee says

Similar Posts