India
BJP bribed the court and wont even get a single vote; Mamata Banerjee on 26000 teachers job loss,Thrinamool congress, kolkatta high court, supremecourt
India

മമത ബാനർജിക്ക് ഗുരുതര പരിക്ക്

Web Desk
|
14 March 2024 3:29 PM GMT

കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. അതിനിടെ, മമതയുടെ ചിത്രം ടിഎംസി പുറത്തുവിട്ടു. നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രമാണ് പുറത്തുവിട്ടത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടിൽ വെച്ച് വീണതാണ് പരിക്കിന് കാരണമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

'ഞങ്ങളുടെ ചെയർപേഴ്‌സൺ മമത ബാനർജിക്ക് ഗുരുതര പരിക്കേറ്റു. നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുക' എക്‌സിൽ തൃണമൂൽ കോൺഗ്രസ് കുറിച്ചു.

'മുഖ്യമന്ത്രി മമത ബാനർജി പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. നല്ല ആരോഗ്യത്തിലേക്ക് അവർ പെട്ടെന്ന് തിരിച്ചുവരാൻ ഞങ്ങളുടെ പ്രാർഥനകൾ' തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സുകന്ത മജുംദാർ എക്‌സിൽ കുറിച്ചു. പരിക്കേറ്റ മമത പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ശശി തരൂർ തുടങ്ങിയവർ ആശംസിച്ചു.

കഴിഞ്ഞ വർഷം, ജൂണിൽ മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്നതിനെ തുടർന്നായിരുന്നു പരിക്കേറ്റത്. ഇടത് കാൽമുട്ട് ജോയിന്റിനും ഇടത് ഹിപ് ജോയിന്റിനുമാണ് പരിക്കേറ്റിരുന്നത്. മാസങ്ങൾക്ക് ശേഷം സെപ്തംബറിൽ സ്‌പെയിനിലേക്കുള്ള യാത്രക്കിടെ ഇടത് കാലിന് മറ്റൊരു പരിക്കുമേറ്റിരുന്നു. പരിക്കേറ്റ കാലിൽ അണുബാധയുണ്ടായതായി മമത പിന്നീട് അറിയിച്ചിരുന്നു.

ഈയിടെ വന്ന പൗരത്വഭേദഗതി നിയമമടക്കം കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നിലപാടുകളെ നിശിതമായി എതിർക്കുന്നയാളാണ് മമത ബാനർജി. പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. വിജ്ഞാപനം ചെയ്ത നിയമങ്ങൾ 'ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ്' എന്നാണ് അവർ പറഞ്ഞത്.

'ഇത് ബിജെപിയുടെ പണിയാണ്. തെരഞ്ഞെടുപ്പ് അടുത്താലുടൻ അവർ വാർത്താ ചാനലുകളിലൂടെ വിവരങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങുന്നു, എന്നിട്ട് അത് ആളുകളിലേക്ക് എത്തിക്കുന്നു. ഭയപ്പെടേണ്ട. ഞങ്ങൾ ഇവിടെ സിഎഎ അനുവദിക്കില്ല. ഇത് ബംഗാളാണ്.' മമതാ ബാനർജി പറഞ്ഞു.

Similar Posts