ബംഗാള്‍ സന്ദര്‍ശിക്കാന്‍ സമയമുണ്ട്, അമിത് ഷാ എന്തുകൊണ്ടാണ് മണിപ്പൂരിലേക്ക് പോകാത്തതെന്ന് മമത
|ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുള്ള മണിപ്പൂരില്‍ മരണസംഖ്യയുടെ വ്യക്തമായ കണക്ക് നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി
കൊല്‍ക്കൊത്ത: മണിപ്പൂര്‍ അക്രമത്തില്‍ കേന്ദ്ര,സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നൂറുകണക്കിന് കേന്ദ്ര സംഘങ്ങളെ അയക്കുമെന്നും എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായതിനാൽ മണിപ്പൂരിൽ ഒന്നും ചെയ്യുന്നില്ലെന്നും മമത ആരോപിച്ചു.
ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുള്ള മണിപ്പൂരില്‍ മരണസംഖ്യയുടെ വ്യക്തമായ കണക്ക് നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഒരു പ്രതിനിധിയെ പോലും മണിപ്പൂരിലേക്ക് അയച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ഭരിക്കുന്ന ആ സംസ്ഥാനത്തിന് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഒന്നും മിണ്ടുന്നില്ല. '' മമത പറഞ്ഞു.
മണിപ്പൂര്‍ അക്രമം മനുഷ്യനുണ്ടാക്കിയതാണെന്നും കർണാടക തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായ അമിത് ഷായ്ക്ക് മണിപ്പൂർ സന്ദർശിക്കാൻ ഹെലികോപ്റ്ററുകളും പ്രതിരോധ സേനയുടെ വിമാനങ്ങളുമുണ്ടെങ്കിലും ഒരു ദിവസം പോലും ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.''മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് ആരുമൊന്നും മിണ്ടുന്നില്ല. തെരഞ്ഞെടുപ്പ് വരും, പോകാം, പക്ഷേ ജനങ്ങളുടെ ജീവിതമാണ് പ്രധാനം. അദ്ദേഹത്തിന് (അമിത് ഷാ) ഒരു ദിവസം മാറ്റിവെച്ച് മണിപ്പൂരിലേക്ക് പോകാമായിരുന്നു. അദ്ദേഹത്തിന് പിന്നീട് ബംഗാളിലേക്ക് വരാമായിരുന്നു, ”അവർ പറഞ്ഞു.രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഷാ ചൊവ്വാഴ്ച പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്.
മണിപ്പൂരിൽ കുടുങ്ങിയ 18 വിദ്യാർഥികൾ ഉൾപ്പെടെ 25 പേരെ തിങ്കളാഴ്ച രാവിലെ തിരികെ കൊണ്ടുവന്നതായും മമത അറിയിച്ചു. ഈ വിദ്യാർത്ഥികൾ ഇംഫാലിലെ കേന്ദ്ര കാർഷിക സർവകലാശാലയിൽ ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്‌ഡി കോഴ്‌സുകൾ പഠിക്കുന്നവരാണെന്നും യാത്രാ ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും അവർ പറഞ്ഞു.പശ്ചിമ ബംഗാളിൽ നിന്നുള്ള 68 വിദ്യാർഥികൾ ഇപ്പോഴും മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ആളുകൾക്ക് തന്‍റെ സർക്കാർ ട്രാൻസിറ്റ് താമസസൗകര്യം നൽകുന്നുണ്ടെന്നും അറിയിച്ചു.