India
ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം യു.പി.എസ്.സി ചോദ്യപേപ്പറില്‍; അമര്‍ഷവുമായി മമത ബാനര്‍ജി
India

ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം യു.പി.എസ്.സി ചോദ്യപേപ്പറില്‍; അമര്‍ഷവുമായി മമത ബാനര്‍ജി

Web Desk
|
13 Aug 2021 4:50 AM GMT

ബി.ജെ.പി നൽകിയ ചോദ്യങ്ങളാണ്​ പരീക്ഷയിൽ യു.പി.എസ്​.സി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിഷ്​പക്ഷമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തിയെന്നുമാണ് മമതയുടെ കുറ്റപ്പെടുത്തല്‍

ബംഗാളില്‍ തെരഞ്ഞെടുപ്പിന്​ പിന്നാലെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള യു.പി.എസ്​.സി ​ചോദ്യത്തെ ചൊല്ലി മമത ബാനർജിയും കേന്ദ്രസർക്കാറും തമ്മില്‍ വാക്​യുദ്ധം. സിവിൽ സായുധ സേനയിലേക്കുള്ള യൂണിയൻ പബ്ലിക്​ സർവീസ്​ കമ്മീഷന്‍റെ പരീക്ഷയിലായിരുന്നു ചോദ്യം ഉള്‍പ്പെടുത്തിയത്. ബി.ജെ.പി നൽകിയ ചോദ്യങ്ങളാണ്​ പരീക്ഷയിൽ യു.പി.എസ്​.സി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിഷ്​പക്ഷമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തിയെന്നുമാണ് മമതയുടെ കുറ്റപ്പെടുത്തല്‍.

ബംഗാളിലെ തെര​ഞ്ഞെടുപ്പിന്​ പിന്നാലെയുണ്ടായ അക്രമത്തെക്കുറിച്ച്​ എഴുതാനായിരുന്നു പരീക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത്​ രാഷ്​ട്രീയം മുന്നിൽ കണ്ടുള്ള ചോദ്യമാണെന്നും കൊൽക്കത്തയിൽ മാധ്യമങ്ങളോട്​ സംസാരിക്കവേ മമത ആരോപിച്ചു. യു.പി.എസ്​.സി പരീക്ഷയില്‍ കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യം പോലും രാഷ്ട്രീയ പ്രേരിതമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേറിയെങ്കിലും നന്ദിഗ്രാമിൽ മമത ബാനര്‍ജി സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന്​ ശേഷം വ്യാപക അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. സംഘർഷം അടിച്ചമർത്തുന്നതിൽ സംസ്​ഥാനം മൃദു സമീപനം സ്വീകരിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ അക്രമ സംഭവങ്ങളുടെ വ്യാജ വിഡിയോകളും ചിത്രങ്ങളുമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടതെന്നായിരുന്നു ബംഗാൾ സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്​. തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ച ​മേയ്​ രണ്ടിന്​ സംസ്ഥാന പൊലീസ്​​ സേന തെരഞ്ഞെടുപ്പ്​ കമ്മീഷന്‍റെ നിയന്ത്രണത്തിലായിരുന്നെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Similar Posts