India
കയ്യൂക്ക് കൊണ്ട് തന്നെ തടയാനാകില്ല, ബിജെപിക്ക് അധികാരം നഷ്ടപ്പെടും: മമതാ ബാനർജി
India

കയ്യൂക്ക് കൊണ്ട് തന്നെ തടയാനാകില്ല, ബിജെപിക്ക് അധികാരം നഷ്ടപ്പെടും: മമതാ ബാനർജി

Web Desk
|
3 March 2022 2:14 PM GMT

ഗംഗ ആരതിയിൽ പങ്കെടുക്കാൻ ദശാശ്വമേധ് ഘട്ടിലേക്ക് പോകുമ്പോൾ ബുധനാഴ്ച വൈകുന്നേരം മമതയെ ഹിന്ദുത്വർ തടഞ്ഞിരുന്നു

കയ്യൂക്ക് കൊണ്ട് തന്നെ തടയാനാകില്ലെന്നും ഒരുപാട് വട്ടം അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും തന്നെ ആക്രമിച്ചത് ബിജെപി അധികാരത്തിൽ നിന്ന് പുറത്താകുന്നതിന്റെ സൂചനയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാരണാസിയിലെത്തിയപ്പോൾ ഹിന്ദു യുവവാഹിനി പ്രവർത്തകർ മമതയുടെ വാഹനം തടഞ്ഞിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ സംഘടന സ്ഥാപിച്ചിരുന്നത്. ഗംഗ ആരതിയിൽ പങ്കെടുക്കാൻ ദശാശ്വമേധ് ഘട്ടിലേക്ക് പോകുമ്പോൾ ബുധനാഴ്ച വൈകുന്നേരമാണ് മമതയെ ഹിന്ദുത്വർ തടഞ്ഞിരുന്നത്. ഈ സംഭവത്തിന് ശേഷം വാരണാസിയിൽ നടന്ന എസ്പി റാലിയിലാണ് മമതയുടെ പ്രതികരണം.

'ഞാൻ ഒരുപാട് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അടിയേറ്റും വെടികൊണ്ടും അനുഭവമുണ്ട്, പക്ഷേ ഒരിക്കലും തലകുനിച്ചിട്ടില്ല. ഞാൻ ഭീരുവല്ല, പോരാളിയാണ്' മമത പറഞ്ഞു. ബംഗാളിലെ വൻവിജയത്തിന് ശേഷം യു.പി, ഗോവ സംസ്ഥാനങ്ങളടക്കമുള്ള ഇടങ്ങളിൽ രാഷ്ട്രീയ ശക്തിയാകാനുള്ള ശ്രമത്തിലാണ് മമതയുടെ തൃണമൂൽ കോൺഗ്രസ്.

മമതയെ തടഞ്ഞ വീഡിയോകൾ സംഘ്പരിവാർ പ്രൊഫൈലുകൾ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മമത ബംഗാളിൽ ചെയ്തതിന് യുപിയിൽ മറുപടി കിട്ടിയെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. എന്നാൽ ദശാശ്വമേധ് ഘട്ടിൽ നടന്ന ഗംഗ ആരതിയിൽ മമത പങ്കെടുത്തിരുന്നു.

മാർച്ച് ഏഴിനുള്ള ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് വാരണാസിയിലും സമീപത്തെ എട്ടു ജില്ലകളിലുമാണ്. പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളും ഇതര പ്രതിപക്ഷ നേതാക്കളും ഇവിടം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയാണ്. മമതാ ബാനർജി, എസ്പി പ്രസിഡൻറ് അഖിലേഷ് യാദവ്, ആർഎൽഡി നേതാവ് ജയന്ത് ചൗധരി എന്നിവരും ക്ഷേത്രനഗരിയിൽ റാലികൾ നടത്തുകയാണ്.

Mamata Banerjee, Trinamool Congress leader and West Bengal Chief Minister has said that she could not be stopped by attack and that she has been subjected to many atrocities.

Similar Posts