India
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ഒരുമിക്കണം; പ്രതിപക്ഷനേതാക്കൾക്ക് മമതയുടെ കത്ത്
India

'കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ഒരുമിക്കണം'; പ്രതിപക്ഷനേതാക്കൾക്ക് മമതയുടെ കത്ത്

Web Desk
|
29 March 2022 7:28 AM GMT

രാജ്യത്തെവിടെയും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയാണെന്ന് കത്തിൽ പറയുന്നു.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന കേന്ദ്രസർക്കാറിനെതിരെ ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കത്ത്. രാജ്യത്തെവിടെയും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയാണെന്ന് കത്തിൽ പറയുന്നു.

''എല്ലാവരുടെയും സൗകര്യമനുസരിച്ചുള്ള അനുയോജ്യമായ ഒരു സ്ഥലത്ത് ഭാവികാര്യങ്ങൾ ആലോചിക്കാൻ നമ്മൾ ഒത്തുചേരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ച് ഈ അടിച്ചമർത്തൽ ശക്തിക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്''-കത്തിൽ മമത പറഞ്ഞു.

മമതയുടെ മരുമകനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജി കൽക്കരി അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അവർ കത്തെഴുതിയിരിക്കുന്നത്.

ഇ.ഡി, സിബിഐ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അപമാനിക്കാനും ഒതുക്കാനുമാണ് സർക്കർ ശ്രമിക്കുന്നത്-മമത പറഞ്ഞു. പക്ഷപാതപരമായ രാഷ്ട്രീയ ഇടപെടലുകൾ കാരണം ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.


Related Tags :
Similar Posts