ബംഗാളിൽ 'റാം-ബാം' സഖ്യം ഉയർന്നുവരുന്നു' ബി.ജെ.പി-സിപി.എം കൂട്ടുകെട്ടിനെ പരിഹസിച്ച് മമത ബാനർജി
|'അഴിമതി തുരത്താൻ പാർട്ടിതലത്തിൽ ജാഗ്രതാ സംവിധാനം ഏർപ്പെടുത്തും'
കൊൽക്കത്ത: ബി.ജെ.പി.യും സി.പി.ഐ.എമ്മും ഒരേടീമാണെന്നും രഹസ്യമായി സഖ്യമുണ്ടാക്കിയിരുന്നെന്നും ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. പ്രത്യയശാസ്ത്രപരമായി വേറിട്ടുനിൽക്കുന്ന രണ്ട് പാർട്ടികളും 'റാം-ബാം' (ബിജെപി-ഇടത്) സഖ്യം രൂപീകരിക്കുന്നുവെന്നെന്നും ആരോപിച്ചു.
അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നിട്ടും താൻ ഒരിക്കൽ പോലും ബിജെപിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ഒരു കള നമ്മുടെ നെല്ലിനെ ആക്രമിച്ചാലും മുഴുവൻ വിളയും നശിക്കും...അഴിമതി തുരത്താൻ പാർട്ടിതലത്തിൽ ശരിയായ ജാഗ്രതാ സംവിധാനം ഏർപ്പെടുത്തുമെന്ന് മമത പറഞ്ഞു. 'ദിദിർ സുരക്ഷാ കവാച്ച്' എന്ന പാർട്ടിയുടെ പുതിയ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 'ദിദിർ ദൂത്' എന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. ജനുവരി 11 ന് ആരംഭിക്കുന്ന പാര്‍ട്ടിയുടെ പ്രചാരണ പരിപാടി 60 ദിവസത്തോളം നീണ്ടു നില്‍ക്കും. 3.5 ലക്ഷം വരുന്ന ടിഎംസി നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്തുടനീളം സഞ്ചരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കും.