മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച 19കാരൻ മരിച്ചു; കടയുടമയെ അറസ്റ്റ് ചെയ്‌ത് പൊലീസ്
|കടുത്ത വയറുവേദനയും ഛർദിയുമായി ആശുപത്രിയിൽ എത്തിയ യുവാവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. കേടായ ചിക്കാനാണ് ഷവർമയിൽ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ
മുംബൈ: ചിക്കൻ ഷവർമ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ 19കാരൻ മരിച്ച സംഭവത്തിൽ കടയുടമയെ അറസ്റ്റ് ചെയ്‌ത് പോലീസ്. മുംബൈയിലാണ് സംഭവം.
മഹാരാഷ്ട്ര സ്വദേശികളായ പ്രഥമേഷ് ഭോക്‌സെ (19), അമ്മാവൻ ഹമീദ് അബ്ബാസ് സെയ്ദ് (40) എന്നിവർ മെയ് 3 നാണു ഹനുമാൻ ചാലിക്ക് സമീപം ആനന്ദ് കാംബ്ലെയും മുഹമ്മദ് ഷെയ്‌ക്കും നടത്തുന്ന വഴിയോര ഭക്ഷണശാലയിൽ നിന്ന് ഷവർമ വാങ്ങിയത്. പിറ്റേദിവസം കഠിനമായ വയറുവേദനയും ഛർദ്ദിയുമായി പ്രതമേഷ് അടുത്തുള്ള മുനിസിപ്പൽ ആശുപത്രിയെ സമീപിച്ചു.
ചികിത്സക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിറ്റേന്ന് വയറിളക്കമുണ്ടായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഇയാളെ കെഇഎം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഡ്യൂട്ടി ഡോക്ടർ ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. തിങ്കളാഴ്ച രാവിലെ, തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും കെഇഎമ്മിലേക്ക് കൊണ്ടുപോയി,
പരിശോധനക്ക് ശേഷം പ്രതമേഷിനെ ഡോക്‌ടർ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തു. എന്നാൽ, ആരോഗ്യനില വഷളാവുകയും ചൊവ്വാഴ്ച മരിക്കുകയുമായിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് കേസെടുത്തത്. ഐപിസി 336, 273 (വിഷകരമായ ഭക്ഷണപാനീയങ്ങളുടെ വിൽപ്പന) എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
കേടായ ചിക്കാനാണ് ഷവർമയിൽ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുംബൈയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിക്കുന്ന രണ്ടാമത്തെ കേസാണിത്. ഏപ്രിൽ അവസാനവാരം ഗോരേഗാവിൽ വഴിയോര കച്ചവടക്കാരിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച 12 പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേനൽക്കാലത്ത് റോഡരികിൽ വിൽക്കുന്ന ചിക്കനും ചിക്കൻ വിഭവങ്ങളും കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയും മാരകമായ ഫലങ്ങളും ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഉയർന്ന താപനിലയും വൃത്തിഹീനമായ പാകംചെയ്യലും ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഇത് ദഹനനാളത്തിൻ്റെ രോഗങ്ങളിലേക്ക് നയിക്കുന്നുവെന്ന് കെഇഎം ഹോസ്പിറ്റലിലെ ഡോക്ടറും പറഞ്ഞു. അതേസമയം, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രദേശത്ത് അനധികൃത ഭക്ഷണ ശാലകൾക്കെതിരെ കർശന നടപടി ആരംഭിച്ചിട്ടുണ്ട്.