ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തി വനിതാ ഗാർഡിനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
|പ്രസവത്തിനെത്തിയ ഭാര്യയെ വാർഡിൽ അഡ്മിറ്റ് ചെയ്തശേഷം ഇയാൾ പുറത്തേക്കിറങ്ങുകയായിരുന്നു.
ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിൽ എത്തിയ ശേഷം വനിതാ ഗാർഡിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബിഹാറിലെ ഹാജിപുരിലാണ് സംഭവം. ഇവിടുത്തെ സദർ ആശുപത്രിയിൽ ഭാര്യയുടെ പ്രസവത്തിനെത്തിയ യുവാവാണ് ഇതിനിടെ വനിതാ സുരക്ഷാ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയത്.
ആശുപത്രിയിലെത്തിയ പ്രതിക് എന്നയാളാണ് പ്രതി. പ്രസവത്തിനെത്തിയ ഭാര്യയെ വാർഡിൽ അഡ്മിറ്റ് ചെയ്തതിനു ശേഷം ഇയാൾ പുറത്തേക്കിറങ്ങുകയായിരുന്നു. ഇതിനിടെ പുറത്തുകണ്ട വനിതാ ഗാർഡിനു നേരെ അതിക്രമം നടത്തുകയായിരുന്നു.
ആശുപത്രിക്ക് പുറത്ത് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന തന്നോട് ഇയാൾ ശൃംഗരിക്കാൻ ശ്രമിച്ചതായി വനിതാ ഗാർഡ് പറഞ്ഞു. ഒരു മധുര പലഹാരക്കടയുടമയാണ് താനെന്ന് പറഞ്ഞ പ്രതി ബലംപ്രയോഗിച്ച് പലഹാരങ്ങൾ കഴിപ്പിക്കാൻ ശ്രമിക്കുകയും ശരീരത്തിൽ കയറി പിടിക്കുകയുമായിരുന്നു എന്നും വനിതാ ജീവനക്കാരി വ്യക്തമാക്കി.
ഇയാളുടെ നീക്കത്തെ എതിർത്ത വനിതാ ഗാർഡ് അലാറം മുഴക്കിയതോടെ അപകടം മണത്ത പ്രതി ഇവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാരെത്തി പിടികൂടുകയായിരുന്നു.
തുടർന്ന് ആശുപത്രിയിലെ സിവിൽ സർജനെത്തി പൊലീസിനെ വിളിച്ചുവരുത്തി. തുടർന്ന് പൊലീസെത്തി പ്രതിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.