13കാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ മർദിച്ച് നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി നാട്ടുകാർ
|ഈ സംഭവത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്.
ഇൻഡോർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ 19കാരനെ ഒരു സംഘം ആളുകൾ മർദിച്ച് നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ കഴിഞ്ഞദിവസമാണ് സംഭവം.
ഇതിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്. നഗരത്തിലെ ഭൂരി തെക്രി പ്രദേശത്ത് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. 13കാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായി കനാദിയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പ്രസാദ് ജംരെ പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് യുവാവിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പാണ്, പെൺകുട്ടിയെ അറിയാവുന്ന ഒരു സംഘം ആളുകൾ ഇയാളുടെ കഴുത്തിൽ ചെരിപ്പ് മാല ഇട്ട ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി തെരുവിലൂടെ നടത്തിയതും മർദിച്ചതും.
അതേസമയം, പ്രതിയെ മർദിക്കുന്ന വീഡിയോ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അതിലുള്ള ആളുകൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.