തായ്‌ലൻഡ് യാത്ര ഭാര്യ അറിയാൻ പാടില്ല; പാസ്പോർട്ടിലെ പേജുകൾ കീറി ബ്ലാങ്ക് പേപ്പർ വച്ചയാൾ അറസ്റ്റിൽ
|2023ലും ഈ വർഷവും ഭാര്യയോട് പറയാതെ കൂട്ടുകാർക്കൊപ്പം ഇയാൾ പലതവണ തായ്ലൻഡ് സന്ദർശിച്ചിരുന്നു. തലസ്ഥാനമായ ബാങ്കോക്കാണ് പ്രധാന സന്ദർശനയിടം
മുംബൈ: ഭാര്യ അറിയാതെ പലയിടത്തേക്കും യാത്ര പോവുന്ന ഭർത്താക്കന്മാർ ഉണ്ടാവും നമുക്കിടയിൽ. സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാനുള്ള ആ പോക്ക് പതിവായാലോ. എപ്പോഴെങ്കിലുമൊരിക്കൽ പിടിക്കപ്പെടുമെന്ന ബോധ്യം ഉണ്ടാവണം എന്നാണ് അത്തരക്കാരോട് പറയാനുള്ളത്. അത്തരമൊരു പിടിക്കപ്പെടലിന്റെ കാര്യമാണ് ഇവിടെ പറയുന്നത്. പക്ഷേ, പിടിച്ചത് ഭാര്യയല്ല, ഉദ്യോഗസ്ഥരാണെന്ന് മാത്രം. അത് വല്ലാത്തൊരു പെടലായി മാറുകയും ചെയ്തു.
മുംബൈ സതാര സ്വദേശിയായ നമ്മുടെ കഥാനായകന് തായ്ലൻഡ് വളരെ ഇഷ്ടമാണ്. പേര് തുഷാർ പവാർ. 2023ലും ഈ വർഷവും ഭാര്യയോട് പറയാതെ കൂട്ടുകാർക്കൊപ്പം തുഷാർ പലതവണ തായ്ലൻഡ് സന്ദർശിച്ചിരുന്നു. തലസ്ഥാനമായ ബാങ്കോക്കാണ് പ്രധാന സന്ദർശനയിടം. പക്ഷേ, ആ പോക്കിനൊരു പ്രത്യേകതയുണ്ടായിരുന്നു- യാത്രാവിവരം ഭാര്യ അറിയാതിരിക്കാൻ ഇയാൾ പാസ്പോർട്ടിൽ ചില പണികൾ ചെയ്തു. അതൊടുവിൽ എട്ടിന്റെ പണിയാവുകയും ചെയ്തു.
ടൂറിനെ കുറിച്ച് അറിയാതിരിക്കാൻ പാസ്പോർട്ടിന്റെ ചില പേജുകൾ കീറിക്കളഞ്ഞ് അവിടെ ബ്ലാങ്ക് പേപ്പറുകൾ വച്ചായിരുന്നു ഇയാളുടെ യാത്ര. എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കി തുഷാർ കഴിഞ്ഞദിവസം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വലയിലായി. വെള്ളിയാഴ്ച എയർ ഇന്ത്യ എഐ-330 നമ്പർ വിമാനത്തിൽ വീണ്ടും ബാങ്കോക്ക് സന്ദർശിക്കാൻ പോവുമ്പോഴായിരുന്നു 33കാരനായ തുഷാർ പിടിയിലാവുന്നത്.
മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥയായ ആസ്ത മിത്തലിന് ഇയാളുടെ രേഖകളിൽ ചില പന്തികേടുകൾ തോന്നുകയായിരുന്നു. വിശദമായി നോക്കിയപ്പോൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ഒട്ടിച്ച 12 സുപ്രധാന പേജുകൾ മാറ്റി പകരം ഒന്നുമെഴുതാത്ത പേപ്പറുകൾ വച്ചിരിക്കുന്നതാണ് കണ്ടത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പേജുകൾ നീക്കം ചെയ്തതിനു പിന്നിലെ വിചിത്ര ഉദ്ദേശ്യം വ്യക്തമായത്. ഭാര്യയെ തെറ്റിദ്ധരിപ്പിക്കാനാണ് പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ചതെന്നായിരുന്നു ഇയാളുടെ വാദം. സുഹൃത്തുക്കളോടൊപ്പം തായ്‌ലൻഡിലേക്ക് പതിവായി യാത്ര ചെയ്യുന്ന കാര്യം ഭാര്യ അറിയരുതെന്ന് ഇയാൾ ആഗ്രഹിച്ചിരുന്നു. ഇതിനായി മുൻ യാത്രകളിലും പാസ്‌പോർട്ടിൽ ഈ മാറ്റം വരുത്തിയിരുന്നു.
എന്നാൽ ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ട് പേജുകൾ കീറിക്കളഞ്ഞയാളെ വെറുതെവിടാൻ വകുപ്പില്ലാത്തതിനാൽ ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഭാരതീയ ന്യായ് സംഹിത 318 (4) പ്രകാരം വഞ്ചനാക്കുറ്റം ചുമത്തി തുഷാറിനെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.