India
യു.പി.ഐ ആപ്പ് വഴി പണമടച്ച വ്യാജ റസീപ്റ്റ് കാണിച്ച് സ്വർണം വാങ്ങി; 50 ജ്വല്ലറിക്കാരെ വഞ്ചിച്ചയാൾ അറസ്റ്റിൽ
India

യു.പി.ഐ ആപ്പ് വഴി പണമടച്ച വ്യാജ റസീപ്റ്റ് കാണിച്ച് സ്വർണം വാങ്ങി; 50 ജ്വല്ലറിക്കാരെ വഞ്ചിച്ചയാൾ അറസ്റ്റിൽ

Web Desk
|
25 Feb 2022 2:37 PM GMT

50 ജ്വല്ലറികളിലായി 14 ലക്ഷം രൂപയൂടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്

യു.പി.ഐ ആപ്പായ ഫോൺപേ വഴി പണമടച്ചതായുള്ള വ്യാജ റസീപ്റ്റ് കാണിച്ച് സ്വർണം വാങ്ങി 50 ജ്വല്ലറിക്കാരെ വഞ്ചിച്ച യുവാവ് അറസ്റ്റിൽ. ഉൻഡ്രി നിവാസിയായ ആകാശ് ദുപെയെന്ന വിശാൽ മാണിക് ഗോഡ്‌കെ(28) ആണ് പൂനെ ഹഡാപ്‌സർ പൊലീസിന്റെ പിടിയിലായത്. കടകളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ഇയാൾ ആപ്പ് വഴി പണം അടയ്ക്കുന്നതായി അഭിനയിക്കുകയായിരുന്നു. ഇടപാട് പരാജയപ്പെട്ട ശേഷം നേരത്തെ തയ്യാറാക്കിയ പണം അടച്ചതായുള്ള വ്യാജ റസീപ്റ്റ് കാണിച്ച് മുങ്ങുകയായിരുന്നു ഇയാളുടെ പതിവ്. ഇങ്ങനെ 50 ജ്വല്ലറികളിലായി 14 ലക്ഷം രൂപയൂടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.

വഞ്ചിക്കപ്പെട്ടവരിലൊരാളായ ഹഡാപ്‌സറിലെ സ്വർണവ്യാപാരി നന്ദലാൽ വർമ പരാതി നൽകിയതോടെയാണ് ഇയാൾ കുടുങ്ങിയത്. വർമയുടെ കടയിൽനിന്ന് 5.480 ഗ്രാമിന്റെ സ്വർണമോതിരം ഇയാൾ ജനുവരി 24ന് വാങ്ങുകയായിരുന്നു. ആപ്പ് വഴി പണമടച്ചെന്ന് പറഞ്ഞിട്ടും ലഭിക്കാത്തതിനാൽ ഉടമ പരാതി നൽകുകയായിരുന്നു. ഹഡാപ്‌സറിന് പുറമേ, ജെജൂരി, വാനോവ്രീ, ചാന്ദൻനഗർ, ഭാരതി, വിദ്യാപീഠ് എന്നി പൊലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന കേസുകളുണ്ട്. ഇതേ രീതിയിൽ സ്വർണത്തിന് പുറമേ ഇയാൾ മൊബൈൽ, കാർ എന്നിവ തട്ടിയെടുത്തതായും ഇതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളുണ്ടെന്നും ആകെ എട്ടു ലക്ഷത്തിന്റെ വസ്തുക്കൾ പ്രതിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഹഡാപ്‌സർ പൊലിസ് അറിയിച്ചു. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Man arrested for cheating 50 jewelers by buying gold by showing fake receipt of payment through UPI app PhonePay.

Similar Posts