ലിഫ്റ്റിൽ കുടുങ്ങി, രക്ഷിക്കാനെത്തിയ സെക്യൂരിറ്റി ഗാർഡിനെ പൊതിരെ തല്ലി യുവാവ്: കേസ്
|ലിഫ്റ്റ് തുറന്നിറങ്ങിയ ഉടൻ തന്നെ യുവാവ് സെക്യൂരിറ്റി ഗാർഡിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മാറി മാറി ആക്രമിക്കുന്നതായി വീഡിയോയിൽ കാണാം
ഗുരുഗ്രാം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനെത്തിയ സെക്യൂരിറ്റി ഗാർഡിനും ലിഫ്റ്റ് ഓപ്പറേറ്റർക്കും പൊതിരേ തല്ല്. ഗുരുഗ്രാമിലെ സെക്ടർ 50ലാണ് സംഭവം. സംഭവത്തിൽ വരുൺ നാഥ്(39) എന്ന ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശ് സ്വദേശിയായ അശോക് കുമാർ എന്നയാൾക്കും ലിഫ്റ്റ് ഓപ്പറേറ്ററിനുമാണ് മർദനമേറ്റത്. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ലിഫ്റ്റ് തുറന്നിറങ്ങിയ ഉടൻ തന്നെ യുവാവ് സെക്യൂരിറ്റി ഗാർഡിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മാറി മാറി ആക്രമിക്കുന്നതായി വീഡിയോയിൽ കാണാം.
സംഭവത്തെ തുടർന്ന് സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാർഡുകൾ ഗേറ്റിൽ ഒത്തുകൂടി പ്രതിഷേധം സംഘടിപ്പിക്കുകയും അശോക് കുമാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വരുൺ നാഥിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ടവർ 12ലെ ലിഫ്റ്റിൽ തിങ്കളാഴ്ച രാവിലെ 7.20ഓടെയാണ് വരുൺ നാഥ് കുടുങ്ങുന്നത്. ഇന്റർകോം വഴി കുമാറിനെ വിവരം അറിയിച്ചതോടെ ഇയാൾ ഓപ്പറേറ്ററുമായി ലിഫ്റ്റിലെത്തുകയും തകരാർ പരിഹരിക്കുകയും ചെയ്തു. എന്നാൽ ലിഫ്റ്റിൽ നിന്നിറങ്ങിയ ഉടൻ തന്നെ ഇയാൾ ശകാരവർഷം ആരംഭിക്കുകയും നിരവധി തവണ അടിക്കുകയും ചെയ്തതായി കുമാർ പരാതിയിൽ പറയുന്നു. ഇരുവരെയും കൊല്ലുമെന്നും വരുൺ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിലുണ്ട്.
പ്രതിക്കെതിരെ ഐപിസി സെക്ഷൻ 323,സെക്ഷൻ 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.