India
Man Arrested For Vandalising Jammu Temple, Says He Suspected Black Magic
India

ജമ്മുവിൽ ക്ഷേത്രത്തിന് തീയിട്ടു, ശ്രീകോവിൽ തകർത്തു; യുവാവ് അറസ്റ്റിൽ

Web Desk
|
8 July 2024 5:18 AM GMT

സമുദായത്തിലെ ചിലർ ക്ഷേത്രത്തിൽ മന്ത്രവാദം നടത്തിവന്നിരുന്നതായും ഇതിൽ പ്രതിഷേധിച്ചാണ് തീയിട്ടതെന്നുമാണ് ഇയാളുടെ വാദം.

ജമ്മു: ക്ഷേത്രം തീയിട്ട് നശിപ്പിക്കുകയും ശ്രീകോവിൽ തകർക്കുകയും ചെയ്ത് യുവാവ്. ജമ്മു നഗ്രോട്ടയിലെ നരേൻ ഖൂ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹനുമാൻ ക്ഷേത്രത്തിനു നേരെയാണ് ശനിയാഴ്ച ആക്രമണം നടന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. പ്രദേശവാസിയായ അർജുൻ ശർമയാണ് അറസ്റ്റിലായത്.

സമുദായത്തിലെ ചില അംഗങ്ങൾ ക്ഷേത്രത്തിൽ മന്ത്രവാദം നടത്തിവന്നിരുന്നതായും ഇതിൽ പ്രതിഷേധിച്ചാണ് തീയിട്ടതെന്നുമാണ് ഇയാളുടെ വാദം. ശനിയാഴ്ച രാത്രി ക്ഷേത്രത്തിൽ ആരോ തീയിടുകയും വിഗ്രഹങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെത്തുടർന്ന് നഗ്രോട്ട പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്.പി ബ്രിജേഷ് ശർമ പറഞ്ഞു.

തുടർന്ന് ഫോറൻസിക്, ക്രൈംബ്രാഞ്ച് സംഘം പൊലീസ് നായ്ക്കളുമായി സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെയും അന്വഷണത്തിന്റെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ സംശയാസ്പദമായ നാല് പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ അർജുൻ ശർമയും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് എസ്.പി പറഞ്ഞു.

'കുറ്റവാളിയെ സമയബന്ധിതമായി അറസ്റ്റ് ചെയ്തതിലൂടെ പ്രദേശത്ത് സംഘർഷ സാധ്യതയൊഴിവാക്കാൻ പൊലീസിനായി. കൂടാതെ ശാന്തത പാലിച്ചതിന് ജനങ്ങളോട് നന്ദിയുണ്ട്. പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തത്'- എസ്പി പറഞ്ഞു. പ്രദേശത്തെ ചിലർ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടത്തുന്നതിൽ തനിക്ക് ദേഷ്യമുണ്ടായിരുന്നെന്ന് പ്രതി അവകാശപ്പെട്ടതായും ഗ്രാമത്തിലെ ചിലരുമായി ഇയാൾക്ക് വ്യക്തിപരമായ ശത്രുതയുണ്ടായിരുന്നെന്നും എസ്.പി പറഞ്ഞു.

കേസിൻ്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും എസ്പി പറഞ്ഞു. പൊലീസിന്റെ വിശദീകരണം ലഭിക്കാതെ സോഷ്യൽ മീഡിയയിൽ ആരും ഇത്തരം വിഷയങ്ങളിൽ ഒരു നിഗമനത്തിലും എത്തരുതെന്ന് എസ്.പി ജനങ്ങളോട് അഭ്യർഥിച്ചു. മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്.

നേരത്തെ, ജൂൺ 30ന് റിയാസി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒരു ആരാധനാലയം നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് പ്രതിഷേധത്തിന് കാരണമാവുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആളുകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് 50ലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതായി ആരോപിച്ച് ജമ്മു-കശ്മീർ ഭരണകൂടത്തിനും ബി.ജെ.പിക്കുമെതിരെ കോൺഗ്രസ് രം​ഗത്തെത്തി. മേഖലയിലെ സമാധാനവും ഐക്യവും തകർക്കാനുള്ള ഗൂഢാലോചന തുറന്നുകാട്ടാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.

'റിയാസിയിലെ ശിവക്ഷേത്രം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം നഗ്രോട്ടയിൽ ഒരു ഹനുമാൻ ക്ഷേത്രം നശിപ്പിക്കപ്പെട്ടു. സമാധാനവും സൗഹാർദവും തകർക്കാനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കുറ്റവാളികൾക്കെതിരെ കർശനമായ ശിക്ഷയും സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണവും ആവശ്യമാണ്'- കോൺഗ്രസ് വക്താവ് പറഞ്ഞു.

Similar Posts