ഔറംഗസേബിന്റെ ചിത്രം വാട്ട്സാപ്പ് പ്രൊഫൈലാക്കിയ യുവാവിനെതിരെ കേസ്
|ഹിന്ദുത്വസംഘടനാ നേതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്
മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ചിത്രം വാട്ട്സാപ്പ് പ്രൊഫൈൽ ചിത്രമാക്കിയ യുവാവിനെതിരെ കേസെടുത്തു. മൊബൈല്‍ കമ്പനിയുടെ ഔട്ട്‌ലെറ്റില് ജോലി ചെയ്യുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവിട്ടയച്ചത്. ഔറംഗസേബിന്റെ പ്രൊഫൈൽ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതം ഹിന്ദുത്വസംഘടനാ നേതാവ് നൽകിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു. അമർജീത് സാർവെ എന്നയാളാണ് മുംബൈ പൊലീസിന് പരാതി നൽകിയത്.
പ്രൊഫൈൽ ചിത്രം മാറ്റാൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഇയാൾ ചിത്രം മാറ്റാന്‍ തയ്യാറായില്ല. തുടർന്നാണ് അമർജീത് നവി മുംബൈയിലെ വാഷി പൊലീസിൽ പരാതിപ്പെട്ടത്. മതവികാരം ബോധപൂർവം വ്രണപ്പെടുത്തൽ,രണ്ടുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഔറംഗസീബിനെയും ടിപ്പു സുൽത്താനെയും പ്രകീർത്തിച്ചതിന്റെ പേരിൽ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ അടുത്തിടെ നിരവധി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒറംഗസേബിനെ പ്രകീർത്തിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിനെതുടർന്ന് കോലാപ്പൂരിൽ വലിയ പ്രതിഷേധവും സംഘർഷവുമാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ജൂൺ ഏഴിന് നടന്ന ബന്ദിൽ വൻ അക്രമങ്ങളാണ് നടന്നത്.