"അമ്മയെ തൊടാൻ പോലും കഴിഞ്ഞിരുന്നില്ല, അന്നേ മനസിലുറപ്പിച്ചിരുന്നു..." മകളുടെ ആദ്യ ആർത്തവം ആഘോഷമാക്കി ഒരച്ഛൻ
|"അമ്മയുടെ ആർത്തവ സമയത്ത് ഞാൻ അടുത്ത് ചെന്നതിന് കണക്കിന് ശകാരമാണ് കിട്ടിയത്. അശുദ്ധനായ എന്നെ ശുദ്ധനാക്കാൻ ഗോമൂത്രം ശരീരത്ത് തളിക്കുകയും ചെയ്തു.."; ജിതേന്ദ്ര ഭട്ട് പറയുന്നു.
"മണ്ടാ, എന്തിനാ അമ്മയെ തൊട്ടത്.." വീട്ടിൽ ഇടയ്ക്കിടെ കേൾക്കാറുള്ള വാചകമായിരുന്നു ഇത്. മാസത്തിൽ ചില ദിവസങ്ങളിൽ അമ്മയെയും സഹോദരിമാരെയും വീട്ടിൽ പ്രവേശിപ്പിക്കുമായിരുന്നില്ല. ആർത്തവം എന്താണെന്ന് 16ആം വയസിലാണ് മനസിലാക്കുന്നത്. അന്ന് മനസിലുറപ്പിച്ചതാണ്.. മകളുടെ ആദ്യ ആർത്തവം ആഘോഷമാക്കിയ ഉത്തരാഖണ്ഡിലെ ജിതേന്ദ്ര ഭട്ടിന് പറയാനുള്ളത് സ്വന്തം അനുഭവങ്ങൾ തന്നെയാണ്.
ഇന്നും ആർത്തവം എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. കാലം എത്ര കഴിഞ്ഞെങ്കിലും ആർത്തവം എന്നത് അടക്കിപ്പിടിച്ച് പറയേണ്ട ഒരു വാക്കാണെന്ന് വിശ്വസിച്ച് ജീവിക്കുന്നവരുടെ എണ്ണവും കുറവല്ല. സാനിറ്ററി പാഡ് വാങ്ങാൻ പാടുപെടുന്ന പെൺകുട്ടികളും നമുക്കിടയിലുണ്ട്. അശുദ്ധിയാണെന്നും ഈ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് തെറ്റാണെന്നും പണ്ടുമുതൽ തന്നെ കൈമാറി വന്ന ചില 'അ'വിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. ഇത്തരം ആളുകൾക്കിടയിൽ വളർന്നുവന്ന ജിതേന്ദ്ര ഭട്ട് പക്ഷേ മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്.
13 വയസുള്ള മകളുടെ ആദ്യ ആർത്തവം ഗംഭീരമായി ആഘോഷിച്ചാണ് ജിതേന്ദ്ര സിങ് വ്യത്യസ്തനായത്. വീട്ടിൽ ഒരു പാർട്ടി വെച്ച് കേക്ക് കുറിച്ചായിരുന്നു ആഘോഷം. 'ഹാപ്പി പിരീഡ്' എന്നെഴുതിയ കേക്ക് മുറിച്ച് കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിട്ടു. വളരെ സാധാരണമായ ഒരു കാര്യമാണ് സംഭവിച്ചതെന്നും മറച്ചുവെക്കേണ്ട ഒരു കാര്യമല്ലെന്നും മകളെ പൂർണമായി ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇത്തരമൊരു ആഘോഷം എന്നോ മനസ്സിൽ കുറിച്ചിട്ട ഒന്നായിരുന്നു എന്നും ജിതേന്ദ്ര ഭട്ട് പറഞ്ഞു. അതിനൊരു കാരണവുമുണ്ട്...
"എന്തിനാ അമ്മയെ തൊട്ടത്?’ വളർന്നു വരുമ്പോൾ പലപ്പോഴും കേൾക്കാറുള്ള ഒരു വാചകമായിരുന്നു ഇത്. എല്ലാ മാസവും, കുറച്ച് ദിവസത്തേക്ക്, എന്റെ അമ്മായിമാരെയും സഹോദരിമാരെയും അമ്മയെയും വീട്ടിൽ പ്രവേശിപ്പിക്കില്ല.മുളത്തടികൾ കൊണ്ട് അവർക്കായി ഒരു പ്രത്യേക ഷെഡ് നിർമിച്ചിരുന്നു. അവിടെയല്ലെങ്കിൽ തൊഴുത്തിനോട് ചേർന്നാകും അവർ ആ ദിവസങ്ങളിൽ താമസിക്കുക.
അവരുടെ അടുത്ത് ഇരിക്കാനോ അവരെ തൊടാനോ കഴിയില്ല എന്നതാണ് ഏറ്റവും മോശമായ കാര്യം. ഒരിക്കൽ, അമ്മായിയുടെ ആർത്തവ സമയത്ത് ഞാൻ അടുത്ത് ചെന്നതിന് കണക്കിന് ശകാരമാണ് കിട്ടിയത്. അശുദ്ധനായ എന്നെ ശുദ്ധനാക്കാൻ ഗോമൂത്രം ശരീരത്ത് തളിക്കുകയും ചെയ്തു. ഈ കാര്യങ്ങളൊക്കെ എന്നെ അമ്പരപ്പിച്ചു. ഇതിനെ പറ്റി ചോദിക്കുമ്പോൾ "വൃത്തികെട്ടവൻ.." എന്നാണ് പറഞ്ഞിരുന്നത്.
എനിക്കതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ഒടുവിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആർത്തവം എന്താണെന്ന് അറിയുന്നത്. വീട്ടിലെ സ്ത്രീകളെ അകറ്റി നിർത്തുന്ന രീതി എന്നിൽ വെറുപ്പുണ്ടാക്കി. അന്നെന്റെ 16-ാം വയസ്സിൽ ഞാൻ മനസ്സിൽ ഉറപ്പിച്ചാണ്.. ഈ പാരമ്പര്യം ഞാൻ തകർക്കുമെന്ന്.
ആ നിശ്ചയദാർഢ്യത്തോടെയാണ് ഞാൻ ജീവിതത്തിൽ മുന്നോട്ട് പോയത്. വിവാഹിതനായി, രാഗിണിയുടെ അച്ഛനായി. അവളെ എന്റെ കയ്യിൽ ഏറ്റുവാങ്ങിയ ദിവസം ഒരു വിലക്കുകളും ഇല്ലാത്ത ഒരു അന്തരീക്ഷത്തിൽ അവളെ വളർത്തുമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു.
കഴിഞ്ഞ ആഴ്ച, അവളുടെ പതിമൂന്നാം ജന്മദിനത്തിൽ, രാഗിണിക്ക് ആദ്യ പിരീഡ് ആയെന്ന് ഭാര്യയിൽ നിന്ന് ഞാനറിഞ്ഞു. അവൾക്കായി ഒരു പാർട്ടി നടത്താൻ ഞാൻ തീരുമാനിച്ചു! അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചു. എന്തിനാണ് ആഘോഷം? ഇതൊക്കെ എല്ലാവരോടും പറയേണ്ട കാര്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പലയിടത്ത് നിന്നും ഉയർന്നു. എന്തിന്, കേക്കിൽ 'ഹാപ്പി പിരീഡ്' എന്ന് എഴുതാൻ പറഞ്ഞപ്പോൾ കടക്കാരൻ പോലും അമ്പരപ്പോടെയാണ് നോക്കിയത്. ഇത് പലതിന്റെയും തുടക്കം മാത്രമാണെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത്.
പാർട്ടിയുടെ ദിവസം, എല്ലാവരും എത്തി. അവൾക്കായി സാനിറ്ററി നാപ്കിനുകൾ സമ്മാനമായി നൽകാനാണ് ഞാൻ എല്ലാവരോടും ആവശ്യപ്പെട്ടത്. മോൾ ആദ്യം അല്പം അസ്വസ്ഥയായിരുന്നു. എന്നാൽ, കുറച്ച് സമയം കഴിഞ്ഞ് അവൾക്ക് മനസിലായി തുടങ്ങി. ഇതൊരു നല്ല കാര്യമായാണ് എനിക്ക് തോന്നുന്നത്. എന്തിനെ കുറിച്ചും തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരു വീട്ടിലാണ് അവൾ വളരുന്നത്. അവളെ അശുദ്ധിയായി തോന്നാത്തിടത്ത്. അവൾ ഒരു മുള കൊണ്ടുണ്ടാക്കിയ വീട്ടിൽ മാറിതാമസിക്കേണ്ടതില്ലാത്തിടത്ത്..."' ജിതേന്ദ്ര ഭട്ട് കുറിച്ചു.
ഒഫിഷ്യൽ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ നിരവധി പേരാണ് ഇദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. നിരവധി പേർ ഇതിനോടകം വീഡിയോ ഷെയർ ചെയ്തുകഴിഞ്ഞു.