India
ഖുത്തുബ് മിനാർ ഭൂമി തന്റെ പൂർവിക സ്വത്ത്; ഉടമസ്ഥാവകാശ ഹരജി തള്ളി കോടതി; പിഴ ചുമത്തണമെന്ന് പുരാവസ്തു ​ഗവേഷണ വകുപ്പ്
India

'ഖുത്തുബ് മിനാർ ഭൂമി തന്റെ പൂർവിക സ്വത്ത്'; ഉടമസ്ഥാവകാശ ഹരജി തള്ളി കോടതി; പിഴ ചുമത്തണമെന്ന് പുരാവസ്തു ​ഗവേഷണ വകുപ്പ്

Web Desk
|
20 Sep 2022 3:50 PM GMT

ഹരജിക്കാരന്റേത് വെറും പ്രശസ്തി ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറഞ്ഞു.

ന്യൂഡൽഹി: ഖുത്തുബ് മിനാർ സ്ഥിതി ചെയ്യുന്ന ഭൂമി തന്റെ പൂർവിക സ്വത്താണെന്ന് അവകാശപ്പെട്ട് സമർ‍പ്പിക്കപ്പെട്ട ഹരജി തള്ളി ഡൽഹി കോടതി. ആഗ്ര യുണൈറ്റഡ് പ്രവിശ്യയിലെ രാജകുടുംബത്തിന്റെ പിൻ​ഗാമിയാണ് താനെന്നും പള്ളിയും ഖുത്തുബ് മിനാറുമുൾപ്പെടെ നിലനിൽക്കുന്ന വസ്തുവിൽ തങ്ങൾക്ക് അവകാശം ഉണ്ടെന്നും പറഞ്ഞ് മഹേന്ദ്ര ധവാജ് പ്രസാദ് സിങ് എന്നയാൾ സമർപ്പിച്ച അപേക്ഷയാണ് അഡീഷണൽ ജില്ലാ ജഡ്ജി ദിനേശ് കുമാർ തള്ളിയത്.

1950ൽ അന്തരിച്ച രാജാ രോഹിണി രാമൻ ധവജ് പ്രസാദ് സിങ്ങിന്റെ അനന്തരാവകാശിയാണ് താനെന്നാണ് സിങ് അവകാശപ്പെട്ടത്. ആഗ്ര യുണൈറ്റഡ് പ്രവിശ്യയിലുൾപ്പെട്ടിരുന്ന എല്ലാ പ്രദേശങ്ങളും ത‌ന്റെ കുടുംബത്തിന്റേതാണെന്നും അതിനാൽ ഖുത്തുബ് മിനാർ നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് നൽകണമെന്നുമായിരുന്നു ഹരജിയിലെ വാദം.

കോടതി നടപടികൾക്കിടെ, ഇതിനെ എതിർത്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്‌.ഐ) ഹരജിയിലെ വാദങ്ങൾ തള്ളി. കോടതിയുടെ സമയം പാഴാക്കിയതിന് ഇയാളിൽ നിന്ന് പിഴ ചുമത്താൻ ജഡ്ജിയോട് ആവശ്യപ്പെട്ട എ.എസ്.ഐ‌ ഹരജിക്കാരന്റേത് വെറും പ്രശസ്തി ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും പറഞ്ഞു. തുടർന്നാണ് കോടതി ഹരജി തള്ളിയത്.

ഖുത്തുബ് മിനാറിൽ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യവും‌ എ.എസ്‌.ഐ എതിർത്തു. 12ാം നൂറ്റാണ്ടിലെ സ്മാരകവും ലോക പൈതൃകപ്പട്ടികയിൽ പെടുന്ന സ്ഥലവുമായ‌ ഖുത്തുബ് മിനാർ പ്രാർഥനയ്ക്കുള്ള സ്ഥലമല്ലെന്നും വകുപ്പ് വ്യക്തമാക്കി. 1914ൽ ഖുത്തുബ് മിനാര്‍ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും അതിനാല്‍ തന്നെ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും എ.എസ്‌.ഐ അറിയിച്ചു.

ഇക്കാര്യം കഴിഞ്ഞ മെയിൽ ഡൽഹി സാകേത് കോടതിയിൽ നൽകിയ മറുപടിയിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഖുത്തുബ് മിനാര്‍ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സാകേത് കോടതിയില്‍ സമര്‍പ്പിച്ച ഹരജിക്കു നല്‍കിയ മറുപടിയിലായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ഖുത്തുബ് മിനാറിന് സമീപത്തെ ഖുവ്വത്തുൽ ഇസ്‌ലാം പള്ളിയിൽ ആരാധനയ്ക്കുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദുക്കളുടേയും ജൈനരുടേയും ഹരജികൾ സംബന്ധിച്ച പ്രധാന കേസിലെ വാദം ഒക്ടോബർ 19ന് ആരംഭിക്കുമെന്ന് അഡീഷണൽ ജില്ലാ ജഡ്ജി ദിനേശ് കുമാർ അറിയിച്ചു.

ജൈന പുരോഹിതൻ ഋഷഭ് ദേവിനും ഹിന്ദു ദൈവമായ വിഷ്ണുവിനും വേണ്ടി അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, രഞ്ജന അഗ്നിഹോത്രി എന്നിവരാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ക്ഷേത്രങ്ങൾ തകർത്താണ് ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ് പണിതതെന്നാണ് ഇവരുടെ വാദം.

Similar Posts