യുവതിയുടെ കഴുത്തുമുറിച്ച് യുവാവ്; അന്ത്യനിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു
|വിശ്വാസവഞ്ചന കാണിക്കരുതെന്ന് പറഞ്ഞുകൊണ്ട് പ്രതി ഒരു പുതപ്പുയര്‍ത്തുന്നതും കിടക്കയില്‍ കഴുത്തു പിളര്‍ന്ന് രക്തം വാര്‍ന്നു കിടക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം.
ജബല്‍പൂര്‍: ജബല്‍പൂരിലെ റിസോര്‍ട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു ദിവസത്തിനു ശേഷം കൊലയാളി പങ്കുവച്ച വീഡിയോ നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വിശ്വാസവഞ്ചന കാണിക്കരുതെന്ന് പറഞ്ഞുകൊണ്ട് പ്രതി ഒരു പുതപ്പുയര്‍ത്തുന്നതും കിടക്കയില്‍ കഴുത്തു പിളര്‍ന്ന് രക്തം വാര്‍ന്നു കിടക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം.
25കാരിയായ യുവതിയുടെ കഴുത്തുമുറിച്ച ശേഷം പ്രതി യുവതിയുടെ അന്ത്യനിമിഷങ്ങള്‍ സെല്‍ഫി വീഡിയോയില്‍ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ സ്ത്രീയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തറയിലും ഭിത്തിയിലും രക്തം ഒഴുകുന്നതും സ്ത്രീ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതുമെല്ലാം വീഡിയോയിലുണ്ട്. പാറ്റ്ന സ്വദേശിയായ അഭിജിത് പതിദാര്‍ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റസമ്മതം നടത്തുന്ന ഒരു വീഡിയോയും ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. താനൊരു ബിസിനസുകാരനാണെന്നും തന്നെയും പാര്‍ട്നറായ ജിതേന്ദ്രയെയും സ്ത്രീ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അഭിജിത് പറയുന്നു. ജിതേന്ദ്രയിൽ നിന്ന് 10-12 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അവൾ ജബൽപൂരിലേക്ക് ഓടിപ്പോയെന്നും പങ്കാളിയുടെ നിർദ്ദേശപ്രകാരമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ ആരോപിക്കുന്നു. എന്നാല്‍ പൊലീസ് അഭിജിതിന്‍റെ വാക്കുകള്‍ വിശ്വസിച്ചിട്ടില്ല.
വീഡിയോയിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഗുജറാത്തിൽ നിന്നുള്ളയാളാണെന്നും പാറ്റ്ന സ്വദേശിയല്ലെന്നും തിൽവാര പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ലക്ഷ്മൺ സിംഗ് ജാരിയ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പങ്കുവയ്ക്കുകയാണെന്നും ഈ വീഡിയോകൾ പങ്കിടാൻ ഇരയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുകയാണെന്നും ജാരിയ കൂട്ടിച്ചേര്‍ത്തു. പ്രതിയെ നിരീക്ഷിച്ചുവരികയാണെന്നും പിടികൂടാന്‍ സംഘത്തെ അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നവംബര്‍ 5നാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയും ജബല്‍പൂരിലെ റിസോര്‍ട്ടിലെത്തിയത്. 7നാണ് ഇയാളെ റിസോര്‍ട്ടില്‍ അവസാനമായി കണ്ടത്. പിന്നീട് മുറിയില്‍ ഒറ്റക്കായിരുന്നു യുവതി. ആ ദിവസങ്ങളിലൊന്നും യുവതി ഭക്ഷണമൊന്നും ഓര്‍ഡര്‍ ചെയ്തിരുന്നില്ല. സംശയം തോന്നിയ റിസോർട്ട് ഉടമകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നവംബര്‍ 8ന് മറ്റൊരു കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.