ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ വാഹനവ്യൂഹമിടിച്ച് ഒരാൾ മരിച്ചതായി പരാതി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
|റോഡരികില്‍ നില്‍ക്കുകയായിരുന്ന സെയ്ഖ് ഇസ്റാഫില്‍ എന്നയാളെ കാറിടിക്കുകയായിരുവെന്ന് നാട്ടുകാരും ദൃക്സാക്ഷികളും പറയുന്നു
കൊല്‍ക്കൊത്ത: മുതിര്‍ന്ന ബി.ജെ.പി നേതാവും നന്ദിഗ്രാം എം.എല്‍.എയുമായ സുവേന്ദു അധികാരിയുടെ വാഹനവ്യൂഹമിടിച്ച് ഒരാൾ മരിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ചന്ദിപൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റോഡരികില്‍ നില്‍ക്കുകയായിരുന്ന സെയ്ഖ് ഇസ്റാഫില്‍ എന്നയാളെ കാറിടിക്കുകയായിരുവെന്ന് നാട്ടുകാരും ദൃക്സാക്ഷികളും പറയുന്നു.
ഇടിച്ച വാഹനം നന്ദിഗ്രാം എം.എൽ.എയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാണോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.മൊയ്നയിലെ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സുവേന്ദു അധികാരി. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്ന് ദൃക്സാക്ഷി ആരോപിച്ചു. അപകടത്തെ തുടർന്ന് സുവേന്ദു അധികാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. അപകടസമയത്ത് താൻ സ്ഥലത്ത് നിന്ന് ഏതാനും മീറ്റർ അകലെയുള്ള ഒരു കടയിൽ ചായ കുടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി കൂടി അവകാശപ്പെടുന്ന ഒരു പ്രതിഷേധക്കാരൻ പറഞ്ഞു.
"മരിച്ച സെയ്ഖ് റോഡിന്റെ വലതുവശത്തും വാഹനവ്യൂഹം ഇടതുവശത്തുനിന്നും വരികയായിരുന്നു. പെട്ടെന്ന് വാഹനവ്യൂഹത്തിലെ ഒരു കാറ് റോഡിന്റെ വലതുവശത്തേക്ക് നീങ്ങി ആളെ ഇടിച്ചു," റഫീസുൽ അലി ഇന്ത്യ ടുഡേയോട് പറഞ്ഞു. അപകടത്തിന് ശേഷം കാർ ഏതാനും മീറ്ററുകൾ പിന്നിലേക്ക് പോയെന്നും ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞെന്നും അലി ആരോപിച്ചു.ഡ്രൈവർ മദ്യലഹരിയിലായിരുന്നിരിക്കാമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.അപകടത്തെത്തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.“മരിച്ച സെയ്ഖ് ഇസ്രാഫിൽ ഒരു പെട്രോൾ പമ്പിന് സമീപം ദേശീയപാത മുറിച്ചുകടക്കുമ്പോൾ രാത്രി 10.30 ന് ഒരു കാർ ഇടിച്ചു. പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.ചിലർ അവകാശപ്പെടുന്നതുപോലെ സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാണോ ഈ കാർ എന്ന് ഞങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.'' ഒരു മുതിർന്ന ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ സുവേന്ദു അധികാരിയോ മറ്റു ബി.ജെ.പി നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.