India
Dawood Ibrahim Properties,Ajay Srivastava,Dawood Ibrahim,Ajay Srivastava ,Mumbai, Lawyer  Ajay Srivastava ,latest national news,ദാവൂദ് ഇബ്രാഹിം,അജയ് ശ്രീവാസ്തവ,
India

'ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതിന്റെ കാരണം ഇതാണ്...!'; തുറന്ന് പറഞ്ഞ് അഭിഭാഷകന്‍

Web Desk
|
7 Jan 2024 8:11 AM GMT

15,000 രൂപ അടിസ്ഥാന വിലയുള്ള സ്ഥലം രണ്ടുകോടി രൂപക്കാണ് അജയ് ശ്രീവാസ്തവ ലേലത്തിൽ സ്വന്തമാക്കിയത്

മുംബൈ: അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ വാങ്ങുക്കൂട്ടുന്നതിന്റെ കാരണം പറഞ്ഞ് അഭിഭാഷകനായ അജയ് ശ്രീവാസ്തവ. ദാവൂദ് ഇബ്രഹാമിന്റെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്വത്തുക്കൾ ലേലത്തിൽ വാങ്ങിക്കൂട്ടുന്നതെന്ന് ഡൽഹിയിലെ അഭിഭാഷകനായ അജയ് പറയുന്നു.

'ദാവൂദിനെ എനിക്ക് തോൽപ്പിക്കണം, ദാവൂദ് എവിടെയൊക്കെ താമസിച്ചുവോ അവിടെയെല്ലാം എനിക്കും താമസിക്കണം..'അജയ് എൻഡിടിവിയോട് പറഞ്ഞു. 15,000 രൂപ അടിസ്ഥാന വിലയുള്ള സ്ഥലം 1300 മടങ്ങ് വില കൊടുത്ത് രണ്ടുകോടി രൂപക്കാണ് ഇയാൾ ലേലത്തിൽ സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ഭൂമി 1976 ലെ സ്വത്തുകണ്ടുകെട്ടൽ ആക്ട് പ്രകാരമാണ് ലേലത്തിൽ വെച്ചത്. 171 ചതുരശ്ര മീറ്റർ ഭൂമി ഇത്രയും വിലകൊടുത്ത് വാങ്ങിയത് ജ്യോതിഷ പ്രകാരമാണെന്നും അദ്ദേഹം പറയുന്നു.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള വസ്തുക്കൾ വർഷങ്ങളായി ലേലത്തിൽ വാങ്ങുന്നയാളാണ് ഇയാൾ. ആദ്യകാലത്ത് ഭയം കാരണം ആരും ദാവൂദിന്റെ സ്വത്തുക്കൾ ലേലത്തിൽ വെച്ചാൽ വാങ്ങാറില്ലായിരുന്നു. തുടർന്ന് താന്‍ ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ പേർ മുന്നോട്ട് വന്നെന്നുംഅജയ് ശ്രീവാസ്തവ പറയുന്നു.

2001 ലാണ് ആദ്യമായി ദാവൂദിന്റെ സ്വത്തുക്കൾ ലേലത്തിൽ വാങ്ങിയത്. മുംബൈയിലെ നാഗ്പാഡയിൽ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കടകൾ ഇയാൾ സ്വന്തമാക്കിയിരുന്നു. ഇതിനെതിരെ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മക്കൾ കേസ് നൽകി. കേസ് നടക്കുന്നതിനാൽ ഇപ്പോഴും ഇതിന്റെ ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. ദാവൂദിന്റെ സ്വത്തുക്കൾ വാങ്ങിയതിന് ശേഷം തനിക്ക് വധ ഭീഷണിയുണ്ടായെന്ന് അജയ് ശ്രീവാസ്തവ പറയുന്നു. തുടർന്ന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കുകയും ചെയ്തു.

'മൂന്ന്-നാലു വർഷം മുമ്പ്, ദാവൂദിന്റെ കുടുംബം അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന എന്നെ ബന്ധപ്പെട്ടു, സ്വത്ത് തിരിച്ചുനൽകിയാൽ എത്ര പണം വേണമെങ്കിലും തരാമെന്ന് വാഗ്ദാനം ചെയ്തു.പക്ഷേ ഞാനത് നിഷേധിച്ചു. കാരണം പണം സമ്പാദിക്കലായിരുന്നില്ല എന്റെ ലക്ഷ്യം...'അഭിഭാഷകൻ പറഞ്ഞു. 2020-ൽ ദാവൂദ് ജനിച്ച ബംഗ്ലാവും ഇയാൾ വാങ്ങിയിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം വാങ്ങിയ സ്ഥലം ആ ബംഗ്ലാവിന് അടുത്താണ്. അതിന് ചുറ്റുമുള്ള സ്ഥലമെല്ലാം നേരത്തെ വാങ്ങിയിരുന്നു. ഈ ചെറിയ സ്ഥലം മാത്രമായിരുന്നു അന്ന് കിട്ടാതിരുന്നത്. ഈ സ്ഥലം മറ്റാരെങ്കിലും ലേലത്തിൽ വാങ്ങിയാൽ മൊത്തം സ്വത്തുക്കളുടെയും മൂല്യം നഷ്ടമാകുമെന്നും അജയ് ശ്രീവാസ്തവ പറയുന്നു.

Similar Posts