10 അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
|ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്
ബെംഗളൂരു: 10 മഞ്ഞ അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിൽ. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്നാണ് യാത്രക്കാരൻ എത്തിയതെന്ന് ബെംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് സോഷ്യൽമീഡിയയായ എക്‌സിൽ അറിയിച്ചു. യാത്രക്കാരനെ അറസ്റ്റ് ചെയ്‌തെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വന്യജീവി കടത്ത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.
ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന ഇനമാണ് മഞ്ഞ അനാക്കോണ്ട. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, വടക്കുകിഴക്കൻ അർജന്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനാക്കോണ്ടകൾ സാധാരണയായി കാണപ്പെടുന്നത്. വന്യജീവികളെ കടത്തുന്നത് ഇന്ത്യയിൽ നിയമപ്രകാരം ശിക്ഷാർഹമാണ്. പിടിച്ചെടുത്ത പാമ്പുകളെ വനം വകുപ്പിന് കൈമാറുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞവർഷം ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് 234 ഓളം വന്യജീവികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്ന് കൊണ്ടുവന്ന കംഗാരുവിന്റെ കുഞ്ഞും ഇതിൽ ഉൾപ്പെടുന്നു. പ്ലാസ്റ്റിക് പെട്ടിയിലാക്കി കൊണ്ടുവന്ന കംഗാരു കുഞ്ഞ് ശ്വാസം മുട്ടി ചത്തിരുന്നു.
കസ്റ്റംസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ പെരുമ്പാമ്പ്,ഓന്തുകള്‍,ഇഗ്വാന, ആമകൾ, ചീങ്കണ്ണികൾ എന്നിവയെയും കണ്ടെത്തിയിരുന്നു.