India
സുവർണ ക്ഷേത്രത്തിന് സമീപം പുകയില ഉപയോ​ഗിച്ചെന്ന്; മൂന്നം​ഗ സംഘം യുവാവിനെ ആക്രമിച്ചു കൊന്നു
India

സുവർണ ക്ഷേത്രത്തിന് സമീപം പുകയില ഉപയോ​ഗിച്ചെന്ന്; മൂന്നം​ഗ സംഘം യുവാവിനെ ആക്രമിച്ചു കൊന്നു

Web Desk
|
8 Sep 2022 2:37 PM GMT

സംഭവത്തിൽ ഒരാളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.

അമൃത്‌സര്‍: സുവർണ ക്ഷേത്രത്തിന് സമീപം നിന്ന് പുകയില ഉപയോ​ഗിച്ചെന്നാരോപിച്ച് മൂന്നം​ഗ സംഘം യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തി. അമൃത്‌സര്‍ കദിയാലിവാല ബസാറിനടുത്തുള്ള റോയൽ ഹോട്ടലിനടുത്ത് ബുധനാഴ്ച രാത്രി രാത്രി 12നും 12.30നും ഇടയിലാണ് സംഭവം.

ചാതിവിന്ദ് ഗ്രാമത്തിലെ ഹർമൻജിത് സിങ് (35) ആണ് കൊല്ലപ്പെട്ടത്. യുവാവുമായി തർക്കമുണ്ടായ ശേഷം ആദ്യം രണ്ട് പേർ വാളുകൊണ്ട് ഇയാളെ ആക്രമിക്കുകയും പിന്നാലെ രമൺജിത് സിങ് എന്നയാൾകൂടി ഇവർക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു.

തുടർന്ന് വ്യാഴാഴ്ച രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ രമൺജിത്തിനെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കമ്മീഷണർ അരുൺ ലാൽ സിങ് അറിയിച്ചു.

ആക്രമണം നടന്ന സ്ഥലത്തെ ഒരു ഹോട്ടലിലെ വെയ്റ്ററായി ജോലി ചെയ്യുകയാണ് പിടിയിലായ രമൺജിത്. ആക്രമണത്തിൽ താൻ സ്വയം ചേർന്നതാണെന്നും ആദ്യം മർദിച്ച രണ്ടു പേരെ അറിയില്ലെന്നുമാണ് ഇയാൾ പറയുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഹർമൻജിത് സിങ് മദ്യപിച്ച് പുകയില ഉപയോഗിക്കുന്നതു കണ്ട രണ്ട് പേർ എതിർക്കുകയും അയാളെ ക്രൂരമായി മർദിക്കുകയുമായിരുന്നു. എന്നാൽ ആരും ഹർമൻജിത്തിനെ സഹായിക്കുകയോ ഉടൻ പൊലീസിനെ വിളിക്കുകയോ ചെയ്തില്ല- പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

Similar Posts