India
UberRide,Uber Auto Ride,1 Crore Bill , ഊബര്‍ ഓട്ടോ ബില്ല്,ഊബര്‍ ബില്ല്,ബെംഗളൂരു
India

10 കിലോമീറ്റർ ദൂരം, ഊബർ ഓട്ടോക്ക് ബില്ല് ഒരുകോടി രൂപ; അന്തം വിട്ട് യാത്രക്കാരൻ

Web Desk
|
1 April 2024 10:45 AM GMT

നോയിഡയിലെ യാത്രക്കാരന് ഏഴ് കോടി രൂപയുടെ ബില്ല് വന്നത് കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു

ബെംഗളൂരു: ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും ജനങ്ങൾ ഓൺലൈൻ ടാക്‌സി സേവനമായ ഊബറിനെ ആശ്രയിക്കാറുണ്ട്. എന്നാൽ ഊബറിന്റെ ഓട്ടോ ആശ്രയിച്ച നോയിഡയിലെ യാത്രക്കാരന് ഏഴ് കോടിരൂപയുടെ ബില്ല് വന്നത് കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ സംഭവത്തിൽ ബെംഗളൂരുവിലെ ഒരു യാത്രക്കാരനും കിട്ടി ഇതുപോലൊരു പണി... വെറും 10 കിലോമീറ്റർ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ചത് 1,03,11,055 രൂപയുടെ ബില്ലാണ്.

ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു വ്‌ലോഗർ നഗരത്തിൽ 10 കിലോമീറ്റർ ഓട്ടോ റൈഡിന് ഊബർ ഒരു കോടി രൂപ ഈടാക്കിയതായി അവകാശപ്പെട്ടത്. കെആർ പുരത്തെ ടിൻ ഫാക്ടറിയിൽ നിന്ന് കോറമംഗലയിലേക്ക് പോകുന്നതിനായി താനും ഭാര്യ മാനസയും ആപ്പ് ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തതായി ശ്രീരാജ് നിലേഷ് പറയുന്നു. 207 രൂപയാണ് യാത്രാനിരക്കായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തി പണമടയ്ക്കാൻ ക്യുആർ കോഡ് സ്‌കാൻ ചെയ്തപ്പോൾ 1,03,11,055 രൂപയുടെ ബില്ല് ലഭിച്ചത്. ബില്ല് കണ്ട് ഓട്ടോ ഡ്രൈവർ പോലുംഞെട്ടിപ്പോയി. സംഭവത്തിൽ ഊബറിന്റെ കസ്റ്റമർ കെയർ പ്രതികരിച്ചിട്ടില്ലെന്നും അതിന് തെളിവായാണ് വീഡിയോ ചിത്രീകരിച്ചതെന്നും യാത്രക്കാരൻ പറയുന്നു.

62 രൂപയുടെ നിരക്ക് നിശ്ചയിച്ച് ഊബർ ഓട്ടോയിൽ സഞ്ചരിച്ച നോയിഡ സ്വദേശിക്കാണ് കഴിഞ്ഞദിവസം 7.66 കോടിയുടെ ബില്ല് ലഭിച്ചത്. വെയിറ്റിംഗ് ചാർജും ജി.എസ്.ടി.യും ചേർത്താണ് ഏഴുകോടിയുടെ ബില്ലെത്തിയത്. ദീപക് തെങ്കൂരിയ എന്ന യാത്രക്കാരനാണ് കോടികളുടെ ബില്ല് കണ്ട് ഞെട്ടിയത്. ഈ സംഭവം മറ്റൊരാൾ സോഷ്യൽമീഡിയയായ എക്‌സിൽ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ ഊബർ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. നേരത്തെയും ഊബറിനെതിരെ ഇത്തരം നിരവധി പരാതികൾ ഉയർന്നിരുന്നു.


Similar Posts