വീണ്ടും ആൾക്കൂട്ടക്കൊല: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നു
|ആക്രിത്തൊഴിലാളിയായ സാബിറിനെ ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മർദിക്കുകയുമായിരുന്നു.
ചണ്ഡീഗഢ്: രാജ്യത്ത് ബീഫിന്റെ പേരിൽ വീണ്ടും ആൾക്കൂട്ടക്കൊല. ഹരിയാനയിൽ മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നു. ആഗസ്റ്റ് 27ന് ചർഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്.
ആക്രിത്തൊഴിലാളിയായ സാബിറിനെ ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മർദിക്കുകയുമായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മർദനമേറ്റു.
സംഭവദിവസം, അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്ത്, സാഹിൽ എന്നിവർ കാലി പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന സാബിറിനെ ഒരു കടയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ആക്രമണം കണ്ട് ചിലർ ഇടപെട്ടതോടെ, സാബിറിനെ സംഘം മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ആക്രമണം തുടരുകയും ഇത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
ബന്ധാര ഗ്രാമത്തിനടുത്തുള്ള ഒരു കുടിലിൽ താമസിച്ചുവന്നിരുന്ന സാബിർ, ആക്രി പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും ഗോരക്ഷാസേനാ പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. ബി.ജെ.പി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ, ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ഓടുന്ന ട്രെയിനിൽ മുസ്‌ലിം വയോധികനും ആൾക്കൂട്ട മർദനമുണ്ടായി. നാസിക് ജില്ലയിലാണ് സംഭവം. ജൽഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്‌റഫ് മുൻയാറിനാണ് മർദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് പോകുമ്പോൾ ഇഗത്പുരിക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.
മകൾക്ക് നൽകാനുള്ള സാധനങ്ങൾ നിറച്ച രണ്ട് പ്ലാസ്റ്റിക് ഭരണികളാണ് ഹാജി അഷ്റഫിന്റെ കൈയിലുണ്ടായിരുന്നത്. ഇതിലൊന്നിൽ ബീഫ് ആണെന്നാരോപിച്ച് സഹയാത്രികരായ യുവാക്കൾ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു. ബീഫല്ലെന്ന് പറഞ്ഞിട്ടും ഇവർ ഭീഷണിപ്പെടുത്തലും അടിയും തുടർന്നു. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇതുവരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.
കഴിഞ്ഞ 10 വർഷത്തിനിടെ, ഹരിയാനയിൽ ഗോരക്ഷാ ഗുണ്ടകളുടെ നേതൃത്വത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വർധിച്ചതായാണ് റിപ്പോർട്ട്. 2023 ഫെബ്രുവരിയിൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള രണ്ട് മുസ്‌ലിം യുവാക്കളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി ഗോരക്ഷാ ഗുണ്ടകൾ കാറിനുള്ളിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയിരുന്നു.
നാസിർ (25), ജുനൈദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹരു പട്ടണത്തിന് സമീപം കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവം രാജ്യവ്യാപക രോഷത്തിന് കാരണമാവുകയും കൊലപാതകത്തിൽ ബജ്‌റംഗ്ദൾ നേതാവും ഗോരക്ഷാസേനാ തലവനുമായ മോഹിത് യാദവ് എന്ന മോനു മനേസർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Read Alsoബീഫ് കൈവശം വച്ചെന്നാരോപിച്ച് ട്രെയിനിൽ വയോധികന് സഹയാത്രികരുടെ ക്രൂരമർദനം; അസഭ്യം, ഭീഷണി