India
ആള്‍ദൈവം രാംപാലിന്‍റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹചടങ്ങിന് നേരെ ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ വെടിയേറ്റു മരിച്ചു
India

ആള്‍ദൈവം രാംപാലിന്‍റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹചടങ്ങിന് നേരെ ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ വെടിയേറ്റു മരിച്ചു

Web Desk
|
14 Dec 2021 3:39 AM GMT

ഞായറാഴ്ച മധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് സംഭവം നടന്നത്

വിവാദ ആള്‍ദൈവം രാംപാലിന്‍റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹചടങ്ങിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ഞായറാഴ്ച മധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് സംഭവം നടന്നത്.

ഉച്ചക്ക് രണ്ട് മണിയോടെ പതിനഞ്ചോളം ആളുകള്‍ വിവാഹവേദിയിലെത്തുകയും തെറ്റായ രീതിയിലാണ് കല്യാണം നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അവർ അവിടെയുണ്ടായിരുന്ന ആളുകളെ മർദ്ദിക്കുകയും വെടിയുതിർക്കുകയും ചെയ്തുവെന്ന് മന്ദ്‌സൂർ അഡീഷണൽ എസ്പി അമിത് വർമ പറഞ്ഞു. സംഭവത്തിൽ ദേവിലാൽ മീണ എന്നയാൾക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ മീണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേവിലാൽ മീണ മന്ദ്‌സൗർ ജില്ലയിലെ ജമോനിയ ഗ്രാമത്തിൽ രണ്ടുതവണ സർപഞ്ചായിരുന്നു.


ചുവന്ന ടീഷര്‍ട്ട് ധരിച്ച ഒരാള്‍ തോക്കു ചൂണ്ടി വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. കേസുമായി ബന്ധപ്പെട്ട് ലളിത്, മംഗൾ, കമൽ എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അമിത് വർമ ​​പറഞ്ഞു. കേസിൽ 11 പേരെ പ്രതി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച് കൊണ്ട് ആയുധധാരികളായ ഒരു സംഘം വിവാഹസ്ഥലത്തെത്തി അക്രമം നടത്തുകയും ദേവിലാൽ മീണയെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് വിവാഹത്തിൽ പങ്കെടുത്ത രാംപാൽ അനുയായികൾ ആരോപിച്ചു.

ജയിലില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആൾദൈവമായ രാംപാൽ രണ്ട്‌ കൊലക്കേസുകളിൽ കുറ്റക്കാരനെന്ന് ഹരിയാന കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2014 നവംബർ 19-നാണ് ഹിസാർ ജില്ലയിലെ ബർവാലയിലുള്ള ഇയാളുടെ സത്‌ലോക് ആശ്രമത്തിൽ നാലുസ്ത്രീകളെയും കുട്ടിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാംപാലിനും 27 കൂട്ടാളികൾക്കുമെതിരേ കൊലപാതകം, തടവിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.2014-ലാണ് രാംപാലിനെ അറസ്റ്റു ചെയ്യുന്നത്. 2018ലാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.

Similar Posts