ഭക്ഷണം വൈകിയതിനെച്ചൊല്ലി തർക്കം; ഹോട്ടലുടമകളും സംഘവും യുവാവിനെ മർദിച്ചുകൊന്നു
|സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഡി.സി.പി അറിയിച്ചു.
ന്യൂഡൽഹി: ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹോട്ടലുടമകളുടെയും സംഘത്തിന്റേയും ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറൻ ഡൽഹിയിലെ റജൗരി ഗാർഡൻ പ്രദേശത്തെ ഒരു ധാബയിലാണ് സംഭവം. 29കാരനായ ഹർനീഥ് സിങ് സച്ച്ദേവയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ധാബയിലെത്തിയ സിങ് ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഭക്ഷണം എത്താൻ വൈകിയതോടെ ഇയാൾ ചോദ്യം ചെയ്യുകയും ജീവനക്കാരുമായി വാക്കുതർക്കത്തിലെത്തുകയും ചെയ്തു. തുടർന്ന് ജീവനക്കാർ കടയുടമകളായ കേതൻ നരുല, അജയ് നരുല എന്നിവരെ വിളിച്ചുവരുത്തി.
ഏതാനും ആളുകളുമായി ധാബയിലെത്തിയ ഉടമകൾ യുവാവിനെ ചോദ്യം ചെയ്യുകയും വഴക്കുണ്ടാവുകയും ചെയ്തു. തുടർന്ന് സംഘം കൂട്ടംചേർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് ഡി.സി.പി വിചിത്ര വീർ പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഡി.സി.പി അറിയിച്ചു.