ലിവിംഗ് ടുഗെദര്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു പുറത്തുതള്ളി; യുവാവിനായി തിരച്ചില്‍
|സ്ത്രീയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ല
ഡല്‍ഹി: വടക്കുകിഴക്കൻ ഡൽഹിയിൽ 25കാരിയായ യുവതിയെ ലിവിംഗ് ടുഗെദര്‍ പങ്കാളി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പുറത്ത് 12 കിലോമീറ്റർ അകലെ കൊണ്ടുപോയി തള്ളി.
സ്ത്രീയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് ടിർക്കി പറഞ്ഞു.രോഹിന എന്ന യുവതിയാണ് മരിച്ചത്. വിനീത് എന്നയാളോടൊപ്പം താമസിച്ചുവരികയായിരുന്നു രോഹിന. തന്നെ വിവാഹം കഴിക്കണമെന്ന് രോഹിന വിനീതിനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 12ന് ഇരുവരും ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും രോഹിനയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് മൃതദേഹം ഉപേക്ഷിക്കാന്‍ വിനീത് സുഹൃത്തിനെ വിളിക്കുകയും ചെയ്തു.
സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ യുവതിയുടെ മൃതദേഹവുമായി രണ്ട് പുരുഷന്മാര് ബൈക്കിൽ പോകുന്നതും കണ്ടു. 12 മുതൽ 13 കിലോമീറ്റർ വരെ അകലെയുള്ള സിസി വി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് ഇവരുടെ ബൈക്ക് കണ്ടെത്തിയത്.ദൃശ്യങ്ങളില്‍ ഒരാള്‍ യുവതിയുടെ മൃതദേഹം തോളിലേറ്റുന്നതും മറ്റൊരു യുവതി പിറകെ നടക്കുന്നതും കാണാമായിരുന്നു. വിനീതിന്റെ സഹോദരിയായ പരുള്‍ ആയിരുന്നു ഇത്. മൃതദേഹം സ്കാർഫ് ഉപയോഗിച്ച് മറയ്ക്കാൻ ഇരുവരെയും സഹായിച്ചത് പ്രതിയുടെ സഹോദരിയാണെന്ന് പൊലീസ് പറഞ്ഞു.
കിഴക്കന്‍ ഡല്‍ഹിയില്‍ വച്ചാണ് പരുളിനെ അറസ്റ്റ് ചെയ്യുന്നത്. കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പരുൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിനീതിനെയും സുഹൃത്തിനെയും പിടികൂടാൻ തിരച്ചിൽ തുടരുകയാണ്. 2019ന് ഉത്തര്‍പ്രദേശിലെ ബാഗ്പത്തിൽ നടന്ന കൊലപാതകക്കേസിൽ വിനീതും പിതാവും ജീവപര്യന്തം തടവ് അനുഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.