പണം കൊടുക്കാത്തതിന് അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് 21കാരൻ; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കവെ പിടിയിൽ
|യു.പിയിലേക്ക് കടന്ന പ്രതിയെ പട്രോളിങ്ങിനിടെ പൊലീസ് സംശയാസ്പദമായി കാണുകയും പരിശോധനയിൽ കൊലപാതകം പുറത്താവുകയുമായിരുന്നു.
ചണ്ഡീഗഢ്: ചോദിച്ച പണം കൊടുക്കാത്തതിന് അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് 21കാരൻ. തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കവെ പൊലീസിന്റെ പിടിയിലായി. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. മൃതദേഹവുമായി യു.പിയിലേക്ക് കടന്ന പ്രതിയെ പട്രോളിങ്ങിനിടെ പൊലീസ് സംശയാസ്പദമായി കാണുകയും പരിശോധനയിൽ കൊലപാതകം പുറത്താവുകയുമായിരുന്നു.
ഹിമാൻഷു എന്ന യുവാവാണ് പിടിയിലായത്. ഡിസംബർ 13ന് ഇയാൾ തന്റെ അമ്മയോട് 5000 രൂപ ആവശ്യപ്പെട്ടു. അവർ വിസമ്മതിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ ഹിമാൻഷു അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്നേ ദിവസം വൈകുന്നേരം, പ്രതി അമ്മയുടെ മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി ട്രെയിനിൽ യു.പിയിലെ പ്രയാഗ് രാജിലേക്ക് പോയി.
എന്നാൽ, പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഇയാളെ സംശയാസ്പദമായി കാണുകയും സ്യൂട്ട്കേസ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കുത്തിനിറച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അന്വേഷണത്തിനിടെ, ഹരിയാനയിലെ ഹിസാറിൽ ഇരുവരും താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥയുമായി പൊലീസ് ബന്ധപ്പെട്ടു.
ആറ് മാസം മുമ്പാണ് താൻ വീട് വാങ്ങിയതെന്നും ഹിമാൻഷുവും അമ്മയും ഒരാഴ്ച മുമ്പാണ് അവിടേക്ക് താമസം മാറിയതെന്നും ഉടമ പൊലീസിനോട് പറഞ്ഞു. ഡിസംബർ 13ന് രാവിലെയാണ് ഹിമാൻഷുവിന്റെ അമ്മയെ താൻ അവസാനമായി ഉടമ പൊലീസിനോട് പറഞ്ഞു.
ട്രെയിൻ ഇറങ്ങിയ ശേഷം സഞ്ചരിച്ച ഓട്ടോയ്ക്കുള്ളിൽ ഹിമാൻഷു എന്തോ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവി പരിശോധിച്ചതിൽ നിന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.