ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പ്: ഭര്‍ത്താവിന് ഒന്നരക്കോടിയുടെ കടബാധ്യത; ഭാര്യ ജീവനൊടുക്കി
|അതിവേഗം പണക്കാരനാകാമെന്ന് പറഞ്ഞ് പ്രതികള്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപണം
ബംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഭര്‍ത്താവ് ഒന്നരക്കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചതിനു പിന്നാലെ ജീവനൊടുക്കി ഭാര്യ. ബംഗളൂരുവിലാണ് സംഭവം. സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ദര്‍ശന്‍ ബാലുവാണ് കടബാധ്യത വരുത്തിവെച്ചത്. പിന്നാലെ കടക്കാര്‍ വീട്ടിലെത്തി ഭീഷണി ഉയര്‍ത്തിയതോടെയാണ് 24 കാരിയായ ഭാര്യ രഞ്ജിത ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 19 നാണ് രഞ്ജിതയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. താനും ഭര്‍ത്താവും പണമിടപാടുകാരില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് രഞ്ജിത ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍, 13 പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്
യുവതിയുടെ പിതാവ് വെങ്കടേഷ് പൊലീസില്‍ പരാതി നല്‍കി. ദര്‍ശന്‍ ബാലുവിന് ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പില്‍ 1.5 കോടി രൂപ നഷ്ടമായിരുന്നുവെന്നും കടം വാങ്ങിയതില്‍ ഭൂരിഭാഗം തുകയും തിരികെ നല്‍കിയിരുന്നുവെന്നും 54 ലക്ഷം കൂടിയാണ് പണമിടപാടുകാര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ളതെന്നും യുവതിയുടെ പിതാവ് പറഞ്ഞു. ദര്‍ശന്‍ ബാലുവിന് ക്രിക്കറ്റ് വാതുവെപ്പിന് താല്പര്യമുണ്ടായിരുന്നില്ലെന്നും അതിവേഗം പണക്കാരനാകാമെന്ന് പറഞ്ഞ് പ്രതികള്‍ നിര്‍ബന്ധിച്ചാണ് ഇതില്‍ പെട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു.