India
പൂനാവാലയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം; സെറം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് തട്ടിയത് ഒരു കോടി രൂപ
India

പൂനാവാലയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം; സെറം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് തട്ടിയത് ഒരു കോടി രൂപ

Web Desk
|
11 Sep 2022 5:40 AM GMT

സെറം ഇൻസ്റ്റിറ്റ്യൂട്ട് പൊലീസിൽ പരാതി നല്‍കി

വാക്സിൻ നിർമാണ കമ്പനിയായ പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർമാരിലൊരാളായ സതീഷ് ദേശ്‍പാണ്ഡെക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനാവാല‍യുടെ പേരില്‍ ഒരു വാട്സ് ആപ്പ് സന്ദേശം വന്നു. പല അക്കൌണ്ടുകളിലേക്കായി ഒരു കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്യണം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. സി.ഇ.ഒയുടെ നിര്‍ദേശമല്ലേയെന്ന് കരുതി ഉടന്‍ തന്നെ സതീഷ് ദേശ്‍പാണ്ഡെ പണം അയച്ചു. എന്നാല്‍ പൂനാവാല അങ്ങനെയൊരു സന്ദേശമേ അയച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായി. ഇതോടെയാണ് സൈബര്‍ തട്ടിപ്പ് പുറത്തറിഞ്ഞത്.

സെപ്തംബര്‍ 7നായിരുന്നു സംഭവം. പല അക്കൌണ്ടുകളിലേക്കായി കൃത്യമായി പറഞ്ഞാല്‍ 1,01,01,554 രൂപയാണ് സതീഷ് ദേശ്‍പാണ്ഡെ അയച്ചത്. പൂനാവാല അങ്ങനെയൊരു മെസേജ് അയച്ചിട്ടുമില്ല, ആർക്കും പണം ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ചിട്ടുമില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഇതോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് പൊലീസിൽ പരാതി നല്‍കി.

കമ്പനിയുടെ ഫിനാൻസ് മാനേജർ സാഗർ കിറ്റൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ബണ്ട്ഗാർഡൻ പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 419, 420, 34, വിവിധ ഐടി വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തത്. വാട്‌സ്ആപ്പ് സന്ദേശം അയച്ചവരെയും പണമെത്തിയ ബാങ്ക് അക്കൗണ്ട് ഉടമകളെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാട്സ്ആപ്പ്, മെസഞ്ചര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തും വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കിയും പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുകയാണ്.



Similar Posts