റിസർവേഷൻ സീറ്റുകളിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ; ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ, പ്രതികരിച്ച് റെയിൽവെ
|സ്ലീപ്പർ കോച്ചുകളൊക്കെ ജനറൽ കോച്ചുകൾ പോലെയായി മാറിക്കഴിഞ്ഞെന്ന് ചിലര്‍ കമന്‍റ് ചെയ്തു
അഹമ്മദാബാദ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന പൊതുഗതാഗത സൗകര്യമാണ് ട്രെയിൻ. യാത്രചെലവ് കുറവാണെന്നത് തന്നെയാണ് പലരും ട്രെയിൻ യാത്ര തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം. എന്നാൽ ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് സ്ഥിരം സംഭവമാണ്. റിസർവേഷൻ കോച്ചുകളിൽ വരെ ടിക്കറ്റ് പോലുമില്ലാതെ യാത്ര ചെയ്യുന്നതിന് പലപ്പോഴും നാം സാക്ഷിയായിട്ടുണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും തനിക്കും കുടുംബത്തിനും സീറ്റ് ലഭിക്കാത്ത അനുഭവം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ.
അഹമ്മദാബാദിൽ നിന്ന് ഭുജ്-ഷാലിമർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ കയറിയ യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. താൻ ബുക്ക് ചെയ്ത സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതാണ് കണ്ടത്. കൂടാതെ നിരവധി പേർ ടിക്കറ്റ് പോലുമെടുക്കാതെ ആ കോച്ചിൽ യാത്ര ചെയ്യുകയും നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നെന്നും യാത്രക്കാരൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. സോഷ്യൽമീഡിയയായ എക്‌സിലാണ് @Shahrcasm എന്ന ഉപയോക്താവ് തന്റെ യാത്രാ ദുരിതം പങ്കുവെച്ചത്.
അഹമ്മദാബാദിൽ നിന്നിൽ നിന്ന് പുറപ്പെട്ട ട്രെയിനിന്റെ S5, കോച്ചിലാണ് താൻ കയറിയത്. ടിക്കറ്റില്ലാത്ത യാത്രക്കാർ റിസർവ് ചെയ്ത സീറ്റുകളിൽ മുഴുവൻ ഇരിക്കുകയും കോച്ച് മുഴുവൻ യാത്രക്കാരെക്കൊണ്ട് നിറയുകയും ചെയ്തു. ടിക്കറ്റ് ബുക്ക് ചെയ്ത തങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നും ട്വീറ്റിൽ പറയുന്നു. കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനെയും ഇന്ത്യൻ റെയിൽവെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ് ചെയ്തത്.
ട്രെയിൻ കോച്ചിൽ യാത്രക്കാർ തിങ്ങിനിറഞ്ഞതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. പോസ്റ്റ് വൈറലായതിനെത്തുടർന്ന് മറുപടിയുമായി ഇന്ത്യൻ റെയിൽവെയുടെ ഔദ്യോഗിക കസ്റ്റമർ കെയർ അക്കൗണ്ടായ റെയിൽവേ സേവ പ്രതികരണവുമായി എത്തി. സംഭവത്തിൽ ഉടൻ നടപടിയെടുക്കുമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ഇത് ഇന്ത്യയിൽ സാധാരണമാണെന്നാണ് ചിലർ പ്രതികരിച്ചത്. ട്വിറ്ററിൽ എല്ലാദിവസവും ഇതുപോലെയുള്ള നിരവധി പരാതികൾ കാണുന്നുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തു.
'ഇത് പുതിയ ഇന്ത്യയാണ്. സ്ലീപ്പർ കോച്ചുകളൊക്കെ ജനറൽ കോച്ചുകൾ പോലെയായി മാറിയിട്ടുണ്ട്. എസി കോച്ചുകളിൽ പോലും സമാന അനുഭവമാണെന്നാണ്' മറ്റൊരാളുടെ കമന്റ്. എന്നാൽ ഒരു ട്രെയിനിൽ രണ്ട് ജനറൽ കമ്പാർട്ട്‌മെന്റ് മാത്രം ഉണ്ടാകുന്നതിന്റെ പ്രശ്‌നമാണിതെന്നാണ് മറ്റൊരാളുടെ അഭിപ്രായം. ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്ര ചെയ്യുന്നത് ഭയാനകമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.