അച്ഛൻ വെടിവച്ച് കൊന്നു, സ്യൂട്ട്കേസിലാക്കി തള്ളാൻ സഹായിച്ച് അമ്മ; 22കാരിയുടെ കൊലയിൽ ദമ്പതികൾ അറസ്റ്റിൽ
|ഡൽഹിയിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദ വിദ്യാർഥിനിയായ ആയുഷി കുടുംബത്തെ അറിയിക്കാതെ ഇതരജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചിരുന്നു.
ന്യൂഡൽഹി: 22കാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുര യമുനാ എക്സ്പ്രസ് ഹൈവേയിൽ ആയുഷി ചൗധരിയെന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് യുപി ഗോരഖ്പൂരിലെ ബാലുനി സ്വദേശികളും ഡൽഹിയിലെ താമസക്കാരുമായ നിതേഷ് യാദവും ഭാര്യയും അറസ്റ്റിലായത്.
മകളെ പിതാവ് വെടിവച്ച് കൊല്ലുകയും മാതാവിന്റെ സഹായത്താൽ മൃതദേഹം സ്യൂട്ട്കേസിലാക്കി തള്ളുകയുമായിരുന്നെന്ന് മഥുര പൊലീസ് പറയുന്നു. ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കുകയും തങ്ങളോട് പറയാതെ പുറത്തുപോവുകയും രാത്രി ഏറെ നേരം പുറത്ത് ചെലവഴിക്കുന്നതിനേയും തുടർന്നുള്ള വൈരാഗ്യത്തിലാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മകൾ തന്നോട് പറയാതെ കുറച്ച് ദിവസത്തേക്ക് പുറത്ത് പോയതിൽ കുപിതനായ നിതേഷ് യാദവ് തന്റെ സ്വന്തം തോക്കുപയോഗിച്ച് മകളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ആയുഷി മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലും പലപ്പോഴും രാത്രി വൈകി വരുന്നതിലും അയാൾ പ്രകോപിതനായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് മരിച്ചയാളെ തിരിച്ചറിയാനായി ഫോണുകൾ ട്രേസ് ചെയ്യുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ ഒരു അജ്ഞാത ഫോൺകോളിൽ നിന്ന് യുവതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചു.
പിന്നീട് അമ്മയും സഹോദരനും ഫോട്ടോകൾ കണ്ട് അവളെ തിരിച്ചറിയുകയും ചെയ്തു. നിലവിൽ ഡൽഹിയിലെ ബദർപുരിൽ താമസിക്കുന്ന പിതാവ് മകളുടെ മൃതദേഹം തിരിച്ചറിയാൻ എത്തിയതോടെ നടത്തിയ ചോദ്യം ചെയ്യലിനു പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡൽഹിയിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദ വിദ്യാർഥിനിയായ ആയുഷി കുടുംബത്തെ അറിയിക്കാതെ ഇതരജാതിക്കാരനായ ഛത്രപാൽ എന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു. ഇതേ തുടർന്ന്, മകൾക്ക് ധിക്കാരവും ശാഠ്യമനോഭാവവുമാണെന്ന് ആരോപിച്ച് മാതാപിതാക്കൾ അവളോട് ദേഷ്യപ്പെടുക പതിവായിരുന്നു.
വെടിവച്ച് കൊലപ്പെടുത്തിയ ശേഷം നിതേഷ് യാദവ് ഭാര്യയുടെ സഹായത്തോടെ മൃതദേഹം പാക്ക് ചെയ്ത് മഥുരയിൽ തള്ളുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മഥുരയിലെ യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപനം വലിയ ചുവപ്പ് സ്യൂട്ടികേസിലായിരുന്നു മൃതേദഹം കണ്ടെത്തിയത്. മുഖത്തും തലയിലും രക്തം തളംകെട്ടി നിന്നിരുന്ന അവസ്ഥയിലായിരുന്നു മൃതദേഹം.
ശരീരമാസകലം മുറിവുകളുമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ചില തൊഴിലാളികളാണ് സ്യൂട്ട്കേസ് കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും. നിതേഷിന് ജോലി കിട്ടിയതോടെയാണ് യുപി സ്വദേശികളായ കുടുംബം ഡൽഹിയിലേക്ക് താമസം മാറിയത്.