വടയിലെ എണ്ണ പിഴിഞ്ഞ് കാട്ടി യാത്രക്കാരൻ: വന്ദേ ഭാരത് ട്രെയിനിലെ മോശം ഭക്ഷണത്തിന് വ്യാപക വിമർശനം
|അമിത വിലയിട്ടിരിക്കുന്ന ഭക്ഷണത്തിന് പക്ഷേ അതിന്റേതായ നിലവാരമില്ലെന്നും പോസ്റ്റിന് താഴെ യുവാവ് കുറിച്ചു
ഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിനിലെ മോശം ഭക്ഷണത്തിനെതിരെ വ്യാപക വിമർശനം. പ്രഭാതഭക്ഷണത്തിന് നൽകിയ വടയിലെ എണ്ണ പിഴിഞ്ഞു കാട്ടി യാത്രക്കാരൻ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
വിസാഗിൽ നിന്നും ഹൈദരാബാദിലേക്ക് പോയ ട്രെയിനിൽ വച്ചാണ് യുവാവ് വീഡിയോ പകർത്തിയതെന്നാണ് വിവരം. വടയിലെ എണ്ണ പിഴിഞ്ഞു കാട്ടുന്നതാണ് വീഡിയോ. അമിത വിലയിട്ടിരിക്കുന്ന ഭക്ഷണത്തിന് പക്ഷേ അതിന്റേതായ നിലവാരമില്ലെന്നും പോസ്റ്റിന് താഴെ യുവാവ് കുറിച്ചു. 120 രൂപയാണ് ഭക്ഷണത്തിന് നൽകിയതെന്നും യാത്രക്കാരൻ വിശദീകരിക്കുന്നുണ്ട്.
പോസ്റ്റിന് നിരവധി പേരാണ് പിന്തുണയറിയിച്ചത്. ട്രെയിനിൽ നിന്ന് മോശം ഭക്ഷണം ലഭിച്ചതിന്റെ അനുഭവം ചൂണ്ടിക്കാട്ടി നിരവധി പേർ യുവാവിന് ഐക്യദാർഢ്യവുമറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തിയിട്ടുണ്ട്. പരാതി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ നടപടിയുണ്ടാകുമെന്നും ഐആർസിടിസി ട്വിറ്ററിൽ അറിയിച്ചു.
കോച്ചിന്റെ തറയിൽ മാലിന്യം ചിതറിക്കിടക്കുന്നതിന്റെ ചിത്രം വലിയ ചർച്ചയായതിന് പിന്നാലെയാണ് വന്ദേ ഭാരത് ട്രെയിൻ വീണ്ടും വാർത്തകളിലിടം പിടിക്കുന്നത്. ഐഎഎസ് ഓഫീസർ അവനിശ് ശരൺ പങ്കുവച്ച പോസ്റ്റിൽ നിലത്ത് ചിതറിക്കിടക്കുന്ന കുപ്പികളും കവറുകളുമെല്ലാം വൃത്തിയാക്കുന്ന റെയിൽവേ ജീവനക്കാരനെയും കാണാമായിരുന്നു. സ്വന്തം രാജ്യം വൃത്തിയായി സൂക്ഷിക്കേണ്ടത് പൗരന്മാരുടെ കടമയാണെന്നായിരുന്നു പോസ്റ്റിന് ഭൂരിഭാഗം പേരുടെയും കമന്റ്. ട്രെയിനിന്റെ ഉൾവശം വൃത്തിയാക്കുന്നതിനായി ഫ്‌ളൈറ്റുകളിലെ ക്ലീനിംഗ് രീതി പരീക്ഷണമെന്ന നിർദേശം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു.