അണക്കെട്ടിന്റെ മതിലിൽ വലിഞ്ഞുകയറാൻ ശ്രമിച്ച യുവാവ് താഴെ വീണു; ഗുരുതര പരിക്ക്
|നാട്ടുകാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് സാഹസിക പ്രകടനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു
കർണാടക: ചിക്കബല്ലാപ്പൂർ ജില്ലയിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ മതിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് 30 അടിയോളം ഉയരത്തിൽ നിന്ന് വീണു.ഗുരുതരമായി പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗൗരിബിദാനൂർ താലൂക്ക് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
മൊബൈൽ ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ യുവാവ് ശ്രീനിവാസ സാഗര അണക്കെട്ടിന്റെ മതിൽ കയറുന്നത് കാണാം. എന്നാൽ, അണക്കെട്ടിന്റെ ഭിത്തി പാതി കയറിയ ശേഷം എതിർദിശയിൽ നിന്നുള്ള വെള്ളത്തിന്റെ ശക്തിയിൽ ബാലൻസ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഭയന്ന് നിലവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.
യുവാവ് മതിലിൽ കയറുന്നത് നാട്ടുകാർ തടഞ്ഞെങ്കിലും അത് കേൾക്കാൻ തയ്യാറായില്ലെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീനിവാസസാഗര അണക്കെട്ടിന്റെ ഭിത്തിയിൽ കയറരുതെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശം അവഗണിച്ചാണ് യുവാക്കൾ മതിൽ കയറുന്നത്.
നിയന്ത്രണങ്ങൾ അവഗണിച്ച് അണക്കെട്ടിന്റെ ഭിത്തി കയറിയതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയോ വിനോദസഞ്ചാര കേന്ദ്രത്തിൽ സാഹസികതയ്ക്ക് ശ്രമിക്കുകയോ ചെയ്താൽ അവരിൽ നിന്ന് കനത്ത പിഴ ചുമത്തുമെന്നും പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി.