India
ആര്യനൊപ്പം സെല്‍ഫിയെടുത്ത ഗോസാവി തട്ടിപ്പുകാരന്‍; നിരവധി കേസുകളില്‍ പ്രതിയെന്ന് പൂനെ പൊലീസ്
India

ആര്യനൊപ്പം സെല്‍ഫിയെടുത്ത ഗോസാവി തട്ടിപ്പുകാരന്‍; നിരവധി കേസുകളില്‍ പ്രതിയെന്ന് പൂനെ പൊലീസ്

Web Desk
|
8 Oct 2021 7:21 AM GMT

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഗോസാവി ആളുകളെ കബളിപ്പിച്ചത്

ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനുമൊത്തുള്ള ഒരു അജ്ഞാതന്‍റെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കെ.പി ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവാണ് ഇയാളെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് രംഗത്തെത്തുകയും ചെയ്തു.

എന്‍.സി.ബി ഓഫീസിലേക്ക് ആര്യനെ കയ്യില്‍ പിടിച്ചുകൊണ്ടുവന്നത് ഗോസാവിയാണെന്നും എങ്ങനെയാണ് എന്‍.സി.ബിയുടെ റെയ്ഡില്‍ പുറത്തുനിന്നുള്ള ഒരാള്‍ ഉള്‍പ്പെട്ടതെന്നുമായിരുന്നു മാലികിന്‍റെ ചോദ്യം. എന്നാല്‍ ഗോസാവി വലിയൊരു തട്ടിപ്പുകാരനാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നുമുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പൂനെ പൊലീസ്. മുംബൈ,താനെ,പൂനെ എന്നിവിടങ്ങളിലായി ഗോസാവിക്കെതിരെ നാലു വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൂനെ പൊലീസ് വ്യക്തമാക്കി.

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഗോസാവി ആളുകളെ കബളിപ്പിച്ചത്. വിദേശത്ത് ജോലി ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു പരാതിക്കാരനില്‍ നിന്നും മൂന്നു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ജോലി കിട്ടാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ പൂനെ പൊലീസിനെ സമീപിക്കുകയും ഗോസാവിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സോഷ്യല്‍മീഡിയ വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2018ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും ആ സമയത്ത് ഗോസാവി ഒളിവിലായിരുന്നുവെന്നും ഫരസ്ഖാന പൊലീസ് സ്റ്റേഷനിലെ സീനിയർ പി.ഐ രാജ്ന്ദ്ര ലാൻഡ്ജ് പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം പൂനെ പൊലീസ് ഗോസാവിക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

ആര്യന്‍ ഖാനുമൊത്തുള്ള സെല്‍ഫി വൈറലായതോടെ സംഭവം ശ്രദ്ധയില്‍ പെടുകയും വീണ്ടും ഗോസാവിക്കായി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നുവെന്ന് പുനെ പൊലീസ് പറഞ്ഞു. 2007ല്‍ വെറും 20 വയസുള്ളപ്പോഴാണ് ഗോസാവിക്കെതിരെ ആദ്യ വഞ്ചന കേസ് ചുമത്തിയതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

Similar Posts