പങ്കജ മുണ്ഡെ തോറ്റാൽ ജീവിച്ചിരിക്കില്ലെന്ന് വീഡിയോ; യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു
|പങ്കജയുടെ പരാജയത്തിന് പിന്നാലെ സച്ചിൻ വലിയ വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്
ലാത്തൂർ: ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടാൽ താൻ ജീവിച്ചിരിക്കില്ലെന്ന് വീഡിയോ ഇറക്കിയ ട്രക്ക് ഡ്രൈവർ ബസിനടിയിൽപ്പെട്ട് മരിച്ച നിലയിൽ. മാഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ സച്ചിൻ കോണ്ഡിബ മുണ്ഡെ(38) ആണ് മരിച്ചത്.
അഹ്മദ്പൂർ-അന്ധേരി റോഡിൽ ബാർഗാവോണിന് സമീപം വെള്ളിയാഴ്ച രാത്രി 9 മണിക്കായിരുന്നു അപകടം. നിർത്തിയിട്ട ബസ് പിന്നോട്ടെടുക്കുന്നതിനിടെ പുറകിൽ നിന്ന സച്ചിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബീഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പങ്കജ മുണ്ഡെ പരാജയപ്പെട്ടാൽ താൻ ജീവിച്ചിരിക്കില്ലെന്ന മുന്നറിയിപ്പ് നൽകി സച്ചിൻ നേരത്തേ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
എന്നാൽ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ എൻസിപിയുടെ ബജ്‌റംഗ് സോനവാനെയോട് 6,553 വോട്ടുകൾക്ക് പങ്കജ് പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വൈകി പുറത്തെത്തിയ ഫലമായിരുന്നു ബീഡിലേത്.
പങ്കജിന്റെ പരാജയത്തിന് പിന്നാലെ സച്ചിൻ വലിയ വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോടും സംസാരിക്കാതെ ഒറ്റയ്ക്കിരിപ്പായിരുന്നു പതിവ്. അതുകൊണ്ട് തന്നെ സച്ചിന്റേത് ആത്മഹത്യയാണോ എന്ന സംശയം ശക്തമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സച്ചിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ സംസ്‌കരിച്ചു.