9 ദിവസത്തിനിടയില്‍ ബിഹാറില്‍ തകര്‍ന്നത് 5 പാലങ്ങള്‍; മംഗള്‍രാജ് എന്ന് തേജസ്വി യാദവ്
|സര്‍ക്കാരിന്‍റെ നല്ല ഭരണത്തിന്‍റെ സൂചനയാണിതെന്നും തേജസ്വി എക്സില്‍ കുറിച്ചു
പറ്റ്ന: ബിഹാറില്‍ സമീപ ദിവസങ്ങളിലുണ്ടായ പാലം തകര്‍ച്ചയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. 9 ദിവസത്തിനിടയില്‍ ബിഹാറില്‍ തകര്‍ന്നത് 5 പാലങ്ങളാണെന്നും സര്‍ക്കാരിന്‍റെ നല്ല ഭരണത്തിന്‍റെ സൂചനയാണിതെന്നും തേജസ്വി എക്സില്‍ കുറിച്ചു.
''അഭിനന്ദനങ്ങള്‍..ബിഹാറില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്‍റെ ഇരട്ടി ശക്തി കാരണം 9 ദിവസത്തിനുള്ളില്‍ 5 പാലങ്ങള്‍ തകര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെയും നേതൃത്വത്തിൽ 6 പാർട്ടികൾ ഉൾപ്പെടുന്ന ഇരട്ട എൻജിൻ എൻഡിഎ സർക്കാർ ബിഹാറിലെ ജനങ്ങള്‍ക്ക് മംഗള്‍രാജിന്‍റെ( നല്ല ഭരണം) ശുഭകരമായ ആശംസകള്‍ നേര്‍ന്നു'' തേജസ്വിയുടെ പോസ്റ്റില്‍ പറയുന്നു. മധുബനിക്കും സുപോളിനും ഇടയിലുള്ള ഭൂതാഹി നദിയിലെ പാലം തകർന്നതുമായി ബന്ധപ്പെട്ട് യാദവ് തൻ്റെ എക്‌സ് അക്കൗണ്ടിൽ ഒരു വീഡിയോയും പങ്കിട്ടു.“ 9 ദിവസങ്ങൾക്കുള്ളിൽ ബിഹാറിൽ തകരുന്ന 𝟓 പാലമാണിത്. മധുബനി-സുപോളിന് ഇടയിൽ ഭൂതാഹി നദിയിൽ വർഷങ്ങളായി നിർമാണത്തിലിരുന്ന പാലം തകർന്നു. നിങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്? കണ്ടെത്താൻ ശ്രമിക്കൂ'' തേജസ്വി ഷെയര്‍ ചെയ്ത സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
77 മീറ്റർ നീളമുള്ള പാലം, കഴിഞ്ഞ രണ്ട് വർഷമായി നിർമ്മാണത്തിലിരിക്കുന്നതാണ്. ഏകദേശം 3 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലം ബിഹാറിലെ ഗ്രാമവികസന വകുപ്പാണ് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ നിർമ്മിച്ചതാണ്. ''പാലങ്ങളുടെ തകർച്ചയിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടത്തെ ‘അഴിമതി’ എന്നതിലുപരി ‘മനോഹരം’ എന്നാണ് സ്വയം പ്രഖ്യാപിത സത്യസന്ധര്‍ വിശേഷിപ്പിക്കുന്നത്'' തേജസ്വി പരിഹസിച്ചു.
ഇതു കൂടാതെ ജൂൺ 18ന് അരാരിയയിൽ ബക്ര നദിക്കു കുറുകെ 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജൂൺ 22ന് സിവാനിലെ ഗണ്ഡക് നദിക്ക് കുറുകെ നാല് പതിറ്റാണ്ട് പഴക്കമുള്ള പാലം തകർന്നത്.ഒരു ദിവസത്തിന് ശേഷം ജൂൺ 23 ന് കിഴക്കൻ ചമ്പാരനിൽ ഒന്നര കോടിയോളം രൂപ ചെലവിൽ നിർമാണത്തിലിരുന്ന പാലവും തകർന്നു.ഗുണനിലവാരമില്ലാത്ത സാമഗ്രികളാണ് പാലം പണിയാന്‍ ഉപയോഗിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ജൂൺ 27 ന് കിഷൻഗഞ്ചിലെ കങ്കായി, മഹാനന്ദ നദികളെ ബന്ധിപ്പിക്കുന്ന ഒരു ചെറിയ പോഷകനദിക്ക് കുറുകെയുള്ള പാലം തകര്‍ന്നതാണ് ഏറ്റവും പുതിയ സംഭവം.
തകർച്ചയുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തുടനീളമുള്ള പാലങ്ങളുടെയും കലുങ്കുകളുടെയും സ്ഥിതി വിലയിരുത്താൻ സംസ്ഥാന സർക്കാരിൻ്റെ റൂറൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് ഈ ആഴ്ച ആദ്യം ഒരു അവലോകന യോഗം ചേർന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.