ത്രിപുരയിൽ മണിക് സാഹ വീണ്ടും മുഖ്യമന്ത്രിയായേക്കും; വനിതാ മുഖ്യമന്ത്രി വേണമെന്ന ആവശ്യവും ശക്തം
|വനിതാ മുഖ്യമന്ത്രി വേണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനാകും നറുക്ക് വീഴുക
അഗര്‍ത്തല: ത്രിപുരയിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി ചർച്ചകൾ തുടങ്ങി. ബി.ജെ.പി മുന്നണിയെ നയിച്ച മണിക് സാഹയ്ക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത. അതേസമയം വനിതാ മുഖ്യമന്ത്രി വേണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനാകും നറുക്ക് വീഴുക.
മാറ്റം എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ എത്തിയ ബി.ജെ.പി കഴിഞ്ഞ തവണ മാറ്റിയത് സ്വന്തം മുഖ്യമന്ത്രിയെയായിരുന്നു. ആദ്യ മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റി 9 മാസങ്ങൾക്ക് മുൻപാണ് രാജ്യസംഭാഗം ആയിരുന്ന മണിക് സാഹയെ നിയോഗിച്ചത്. മുൻ കോൺഗ്രസ് നേതാവ് കൂടിയായ മണിക് സാഹ ബി.ജെ.പിയിലെ സൗമ്യമുഖമാണ്. പരസ്പരം പോരാടിച്ചു നിന്ന ബി.ജെ.പിയിലെ വിവിധ വിഭാഗങ്ങളെ ഒത്തൊരുമയോടെ കൊണ്ടുപോയതിനാൽ സ്വാഭാവികമായി ഉയരുന്ന പേര് മണിക് സാഹയുടേതാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത തെരെഞ്ഞടുപ്പിൽ വനിതാ മുഖ്യമന്ത്രിയെ വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് സഹമന്ത്രി കൂടിയായ പ്രതിമ ഭൗമിക് മത്സരിച്ചപ്പോൾ മുതൽ മുഖ്യമന്ത്രി പദവിയിലേക്ക് ഈ പേര് ഉയർന്നു കേൾക്കുന്നുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ചരിത്രം തിരുത്തി എഴുതാനായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിമ ഭൗമികിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.
സി.പി.എം അധികാരത്തിൽ ഇരുന്നപ്പോൾ മുതൽ ബി.ജെ.പി പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ പ്രതിമയുണ്ടായിരുന്നു. സി.പി.എം മുൻ മുഖ്യമന്ത്രി മണിക് സർക്കാർ അഞ്ച് വട്ടം ജയിച്ച, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ധൻപൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് പ്രതിമ ഭൗമിക് ജയിച്ചത്. ബി.ജെ.പി പാർലമെന്‍ററി ബോർഡാണ് അന്തിമമായി മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുക.