India
മണിപ്പൂരില്‍ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത്  92 സ്ഥാനാർത്ഥികള്‍
India

മണിപ്പൂരില്‍ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 92 സ്ഥാനാർത്ഥികള്‍

Web Desk
|
5 March 2022 1:20 AM GMT

ആദ്യ ഘട്ടത്തിൽ പോളിംഗ് റദ്ദാക്കിയ 12 ബൂത്തുകളിലും ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും

മണിപ്പൂരിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. 60 നിയമസഭാ മണ്ഡലങ്ങളിൽ അവശേഷിക്കുന്ന 22 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ പോളിംഗ് റദ്ദാക്കിയ 12 ബൂത്തുകളിലും ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടത്തിൽ 88.63 ശതമാനമായിരുന്നു പോളിംഗ്.

കോൺഗ്രസിനും ബി ജെ പിക്കും ഒരുപോലെ നിർണ്ണായകമായ മണിപ്പൂരിലെ അവസാനഘട്ട വോട്ടെടുപ്പിൽ 92 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 22 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളുണ്ട്. 18 മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. 8,47.400 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ആദ്യഘട്ട വോട്ടെടുപ്പിൽ പലയിടത്തും ആക്രമണങ്ങൾ ഉണ്ടാകുകയും വോട്ടിങ് യന്ത്രം കേടുവരുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് 12 ബൂത്തുകളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ആക്രമണ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കമ്മീഷൻ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസിനെയും വിന്യസിപ്പിച്ചിട്ടുണ്ട്. 2017 ൽ 28 സീറ്റുമായി കോണ്‍ഗ്രസ് അധികാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ 21 സീറ്റുകള്‍ മാത്രം നേടിയ ബിജെപി അധികാരത്തിലേറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പ്രാദേശിക കക്ഷികളായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനേയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയേയും ലോക ജനക്തി പാര്‍ട്ടിയേയും കൂട്ടുപിടിച്ച് അധികാരത്തിന് വേണ്ട 31 സീറ്റ് ബിജെപി ഒപ്പിച്ചെടുക്കുകയായിരുന്നു.

Similar Posts