മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് പുനഃക്രമീകരിച്ചു; ആദ്യഘട്ടം ഈ മാസം 28ന്
|ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർഥന ദിവസം പരിഗണിച്ചാണ് തീയതി മാറ്റം
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിയതി മാറ്റി. ഒന്നാം ഘട്ടം ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാർച്ച് അഞ്ചിനും നടക്കും. ഒന്നാം ഘട്ടം ഫെബ്രുവരി 27 നും രണ്ടാംഘട്ടം മാർച്ച് മൂന്നിനും നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർഥന ദിവസം പരിഗണിച്ച് തീയതി മാറ്റണമെന്ന് പരമോന്നത ക്രിസ്ത്യൻ സമിതിയായ എ.എം.സി.ഒപ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആദ്യഘട്ട തീയ്യതി പുനഃക്രമീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ഇംഫാലിലെത്തിയിരുന്നു. ഇതിനിടെയാണ് ആദ്യഘട്ട വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി സമിതി കമ്മീഷനെ സമീപിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.അതേ സമയം മണിപ്പൂരിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി മുന്നണികൾ പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.