മണിപ്പൂർ ബിജെപി നിലനിർത്തിയേക്കും; 25 ഇടത്ത് മുന്നേറ്റം
|വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ 60 സീറ്റുകളുള്ള മണിപ്പൂരിൽ 25 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 12 സീറ്റിൽ ലീഡ് ചെയത് കോൺഗ്രസും 10 ഇടത്ത് എൻപിപിയും ലീഡ് ചെയ്യുന്നു.
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന സൂചനകൾ വരുന്നു. വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ 60 സീറ്റുകളുള്ള മണിപ്പൂരിൽ 25 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 12 സീറ്റിൽ ലീഡ് ചെയത് കോൺഗ്രസും 10 ഇടത്ത് എൻപിപിയും ലീഡ് ചെയ്യുന്നു. എൻപിഎഫ് ആറ് സീറ്റിലും മറ്റുള്ളവർ ഏഴ് സീറ്റിലും മുന്നിട്ട് നിൽക്കുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥി ഒക്രം ഇബോബി സിംഗ് തൗബൽ മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഒക്രം ഇബോബി. ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി എൻ ബിരേൻ സിങ് മുന്നിലാണ്.
2017ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബി.ജെ.പി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയുമായി ചേർന്ന് അധികാരത്തിൽ വരികയായിരുന്നു. ലോക് ജനശക്തി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക് പിന്തുണ നൽകി. അതേസമയം, ഇത്തവണ ബി.ജെ.പി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മണിപ്പൂരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കോൺഗ്രസ് കാണുന്നത്. 2017ലെ അനുഭവവും പാർട്ടിക്ക് മുന്നിലുണ്ട്. അന്ന് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിച്ചത് ബി.ജെ.പിയാണ്. കോൺഗ്രസ് എം.എൽ.എമാരിൽ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാർട്ടികളിലേക്കും കൂറുമാറിയിരുന്നു.