India
മണിപ്പൂർ: അവിശ്വാസ പ്രമേയത്തിന് സ്‌പീക്കറുടെ അനുമതി
India

മണിപ്പൂർ: അവിശ്വാസ പ്രമേയത്തിന് സ്‌പീക്കറുടെ അനുമതി

Web Desk
|
26 July 2023 10:49 AM GMT

മണിപ്പൂർ വിഷയത്തിൽ കോൺഗ്രസും ബിആർഎസ്സുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്

ഡൽഹി: മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി എന്തുകൊണ്ട് സഭയിൽ എത്തുന്നില്ലെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ലോക്സഭയിൽ കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കർ അവതരണാനുമാതി നൽകി.

മണിപ്പൂർ വിഷയത്തിൽ കോൺഗ്രസും ബിആർഎസ്സുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ചർച്ചയ്ക്കുള്ള ദിവസവും സമയവും സ്പീക്കർ തീരുമാനിക്കും.

മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഇരുസഭകളിലും പ്രതിപക്ഷ എംപിമാർ പ്രതിഷേധം ഉയർത്തിയിരുന്നു. എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നിഷേധിക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് ലോക്സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയും ഭാരത് രാഷ്ട്രസമിതി അംഗം നമ നാഗേശ്വര്‍ റാവുവും ആണ് നോട്ടീസ് നൽകിയത്. പ്രമേയം ചര്‍ച്ചയ്ക്കെടുക്കണോ എന്ന് തീരുമാനിക്കാന്‍ സ്പീക്കര്‍ക്ക് പത്തുദിവസം വരെ സമയമുണ്ട്.

ഇനി 13 ദിവസം മാത്രമാണ് വര്‍ഷകാലസമ്മേളനത്തില്‍ അവശിഷിക്കുന്നുള്ളൂ. നോട്ടീസ് അനുവദിക്കുകയാണെങ്കിൽ നരേന്ദ്രമോദി സർക്കാർ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമായിരിക്കുമിത്. കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മൗനാചരണം കഴിഞ്ഞയുടന്‍ പ്രതിപക്ഷം മണിപ്പൂര്‍ വിഷയമുന്നയിച്ച് പ്രതിഷേധിച്ചിരുന്നു. ചോദ്യോത്തരവേള തടസപ്പെട്ടതോടെ സ്പീക്കര്‍ സഭാനടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചു.

ഇന്നലെ രാത്രി പ്രതിപക്ഷ പാർട്ടികൾ നടത്തിയ കൂടിയാലോചനയിലാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയിയെ കൂടാതെ ബി.ആർ.എസ് എം.പി നാമ നാഗേശ്വര റാവുവും അവിശ്വാസ പ്രമേയത്തിന് അനുമതി തേടി.

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും മണിപ്പൂര്‍ വിഷയത്തില്‍ സ്തംഭിച്ചു. ലോക്സഭാ നടപടികള്‍ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ പാർലമെന്‍റിൽ വിശദമായ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

Similar Posts