മണിപ്പൂര്‍ കലാപം; ഇന്നും ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങി പ്രതിപക്ഷം
|പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായി നേരിടാൻ തന്നെയാണ് ബി.ജെ.പി തീരുമാനം
ഇംഫാല്‍: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ ഇന്നും ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായി നേരിടാൻ തന്നെയാണ് ബി.ജെ.പി തീരുമാനം.
ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നീ അധികാരങ്ങൾ കേന്ദ്ര സർക്കാരിന് നൽകുന്നതാണ് ഡൽഹി ഗവൺമെൻ്റ് ഓഫ് നാഷണൽ ടെറിട്ടറി ഭേദഗതി ബിൽ. മെയ് മാസം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിലും കാതലായ ആശയത്തിൽ ഒട്ടും മാറ്റമില്ലാതെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബില്ലിനെ എതിർക്കാൻ പ്രതിപക്ഷ ചേരിയിലെ മുഴുവൻ പാർട്ടികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ബില്ലിനെ എതിർക്കുമെന്ന് ഇൻഡ്യ സഖ്യത്തിൽ ഉള്ള പാർട്ടികളും പുറത്തുള്ള പ്രാദേശിക പാർട്ടികളും കെജ്‌രിവാളിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ലോക്സഭയിലെ അംഗബലം അനുസരിച്ച് ബി.ജെ.പിക്ക് ബിൽ പാസാക്കാൻ കഴിയും. കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ നടപടി നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിൽ ആണ്. കോടതി വിധി പ്രതികൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് നിയമ നിർമാണത്തിന് കേന്ദ്രം ഒരുങ്ങുന്നത്. ഡൽഹി ഓർഡിനൻസ് ബിൽ ലോക്സഭ പാസാക്കിയാൽ ബിൽ രാജ്യസഭയുടെ പരിഗണനയിലേക്ക് അടുത്ത ദിവസങ്ങളിൽ തന്നെ എത്തും.
ഇവിടെ ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ കനത്ത പ്രതിപക്ഷ പ്രതിഷേധം കേന്ദ്ര സർക്കാർ നേരിടേണ്ടി വരും. പ്രതിപക്ഷം സഭയ്ക്കുള്ളിൽ മണിപ്പൂർ വിഷയം ഉയർത്തി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ബി.ജെ.പി പ്രതിരോധത്തിൽ ആയിട്ടുണ്ട്. ഇന്നലെ രാത്രി ബി.ജെ.പി ആസ്ഥാനത്ത് പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻ.ഡി.എ യോഗത്തിന് ശേഷം സർക്കാർ വാദങ്ങൾ നേരിട്ടെത്തി ജനങ്ങളോട് വിശദീകരിക്കാൻ ആണ് ബി.ജെ.പി കേന്ദ്ര നേതൃത്വം എം.പിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രധാന മന്ത്രി സഭയിൽ എത്തി മണിപ്പൂർ കലാപം വിശദീകരിക്കേണ്ടത് ഇല്ലെന്ന് തന്നെയാണ് ബി.ജെ.പി നിലപാട്. കനത്ത പ്രതിപക്ഷ പ്രതിഷേധത്തെ അതെ നാണയത്തിൽ സഭയിൽ പ്രതിരോധിക്കാൻ ആണ് എൻ.ഡി.എ തീരുമാനം.