മണിപ്പൂരില്‍ കേന്ദ്രമന്ത്രി ആര്.കെ രഞ്ജന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ആക്രമണം
|സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം നടത്തിയത്
ഇംഫാല്‍: മണിപ്പൂരില്‍ കേന്ദ്രമന്ത്രി ആര്.കെ രഞ്ജന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ആക്രമണം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. അതിനിടെ കോര്‍ഡിനേഷന്‍ കമ്മറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി കണ്‍വീനര്‍ ജിതേന്ദ്ര നിങ്ങോമ്പക്കെതിരെ അസം റൈഫിള്‍സ് രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്തു.
സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് മന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചവരാണ് മന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞത്. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തുരത്തിയത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണം നടക്കുന്നത്.വീടിന് വീണ്ടും സുരക്ഷ ശക്തമാക്കി.
ആയുധങ്ങള്‍ അടിയറവു വെക്കരുതെന്ന് ആഹ്വാനം ചെയ്തതിന് എതിരെയാണ് കോര്‍ഡിനേഷന്‍ കമ്മറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി കണ്‍വീനര്‍ ജിതേന്ദ്ര നിങ്ങോമ്പക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അസം റൈഫിള്‍സിനെതിരെ ജിതേന്ദ്ര നിങ്ങോമ്പ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഘര്‍ഷങ്ങളില്‍ അയവുവരാത്തതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തി എന്ന പരാതിയില്‍ സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിക്കുമെതിരെ മണിപ്പൂര്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ബി.ജെ.പി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് നല്കിയ പരാതിയിലാണ് നടപടി. അതേസമയം, സംഭവത്തില്‍ സുഭാഷിണി അലി ട്വിറ്ററില്‍ ഖേദം പ്രകടിപ്പിച്ചു. വിഘടന വാദം സംഘടനയുടെ ഭീഷണിയെ തുടർന്ന് മിസോറാമിൽ നിന്ന് കൂടുതൽ മെയ്തെകൾ മണിപ്പൂരിലേക്ക് എത്തുന്നുണ്ട്.