മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു
|പരിക്കേറ്റ അസം റൈഫിൾസ് ഉദ്യോഗസ്ഥരെ മന്ത്രിപുഖ്രിയിലേക്ക് മാറ്റിയാതിയ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു
ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും സംഘർഷം. സുഗ്നുവില് സുരക്ഷാ സേനയും കലാപകാരികളും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ട് അസം റൈഫിൾസ് ജവാന്മാര്ക്കും ഒരു ബിഎസ്എഫ് ജവാനും പരിക്കേറ്റു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.
പരിക്കേറ്റ അസം റൈഫിൾസ് ഉദ്യോഗസ്ഥരെ മന്ത്രിപുഖ്രിയിലേക്ക് മാറ്റിയാതിയ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു.അക്രമം രൂക്ഷമായ മണിപ്പൂരിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി, ജൂൺ 10 (ശനി) വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പതിനായിരത്തോളം ആർമി, അസം റൈഫിൾസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. നേരത്തെ, ആഭ്യന്തരമന്ത്രി അമിത് ഷാ മെയ്തികളോടും കുക്കികളോടും സമാധാനം നിലനിർത്താനും സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കാനും അഭ്യർത്ഥിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം ആണ് മണിപ്പൂരിൽ മെയ്തി - കുകി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നത്. ബിഷ്ണുപൂർ ജില്ലയിലെ മൊയ്രാങ് മേഖലയിലാണ് സംഘർഷം ആരംഭിച്ചത്. ആയുധധാരികളായ ഒരുകൂട്ടം യുവാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണം. കുകി വിഭാഗത്തിലെ രണ്ട് വീടുകളും മെയ്തെയ് വിഭാഗത്തിലെ നാല് വീടുകളും സംഘർഷങ്ങൾക്കിടയിൽ അഗ്നിക്കിരയായിരുന്നു.