കലാപം നേരിടാൻ 50 കമ്പനി സേന കൂടി മണിപ്പൂരിലേക്ക്; സ്ഥിതി വിലയിരുത്താൻ അമിത് ഷായുടെ വസതിയിൽ യോഗം
|5,000ത്തിലധികം അംഗങ്ങളാകും സേനയിലുണ്ടാകുക
ന്യൂഡൽഹി/ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്രം. 50 കമ്പനി സേനയെ കൂടി അയയ്ക്കാനാണു തീരുമാനമായിരിക്കുന്നത്. 5,000ത്തിലധികം അംഗങ്ങളാകും സേനയിലുണ്ടാകുക. അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ യോഗം പുരോഗമിക്കുകയാണ്.
ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 12ന് 20 കമ്പനി സേനയെ കേന്ദ്രം അയച്ചിരുന്നു. ഇതിനുശേഷവും സംഘർഷം മൂർച്ഛിച്ചതോടെയാണു കൂടുതൽ സേനയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിആർപിഎഫിൽനിന്ന് 35ഉം ബിഎസ്എഫിൽനിന്ന് 15ഉം സേനയെയാണ് അധിക സുരക്ഷയ്ക്കായി അയയ്ക്കുന്നത്.
മണിപ്പൂരിൽ കലാപത്തിനു തുടക്കം കുറിച്ചതു മുതൽ വിന്യസിച്ച 218 കമ്പനി സേന നിലവിൽ സംസ്ഥാനത്തുണ്ട്. ഇതിനു പുറമെയാണു കൂടുതൽ സൈനികർ എത്തുന്നത്. സിആർപിഎഫ് ഡയരക്ടർ ജനറൽ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മണിപ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്.
Summary: Centre to send additional 50 CAPF companies comprising more than 5,000 personnel to violence ridden-Manipur