മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു; കുക്കി വീടുകൾക്ക് നേരെയും ആക്രമണം
|മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാർ ആക്രമിച്ചിരുന്നു
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നു. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്നിക്കിരയാക്കി. കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വർഷമായി മണിപ്പൂരിൽ സമാധാനം മടക്കി കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാർ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വെസ്റ്റിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ രണ്ട് ദിവസം ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.
വ്യാപക അക്രമം തുടരവേ അഫ്സ്പ പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂർ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. അതിനിടെ സംസ്ഥാനത്തെ ബിജെപിക്കാരായ 19 മെയ്തെയ് എംഎൽഎമാർ രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മണിപ്പൂരിൽ കലാപം വീണ്ടും പടരവേ അയൽ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിർദേശം നൽകി.